വിയന്ന: ഓസ്ട്രിയയിലെ വിവിധ ജർമൻ ഇടവകളിൽ സേവനമനുഷ്ഠിക്കുന്ന ഇരിങ്ങാലക്കുട രൂപതയിലെ വൈദികൻ ഫാ. ഡോ. ഡേവിസ് കളപ്പുരയ്ക്കൽ പൗരോഹിത്യസ്വീകരണത്തിന്റെ രജതജൂബിലി ആഘോഷിച്ചു. വിയന്നയിലെ മലയാളികൾക്ക് ഏറെ സുപരിചിതനും, മലയാളികളുടെ കുടുംബങ്ങൾക്കുകൂടിയും ശുശ്രുഷ ചെയ്യുന്ന അദ്ദേഹത്തിന്റെ വൈദീക ജീവിതത്തിന്റെ ഇരുപത്തഞ്ചാം വാർഷികാഘോഷം ഓസ്ട്രയയിൽ വിയന്നയ്ക്കു പുറത്ത് റിംഗൽസ്ഡോർഫ് നീദർഡോർഫിലാണ് സംഘടിപ്പിച്ചത്.
ഇരിങ്ങാലക്കുട രൂപതയുടെ മെത്രാൻ മാർ പോളി കണ്ണൂക്കാടൻ, ഓസ്ട്രിയയിൽ നിന്നും കേരളത്തിൽ നിന്നും എത്തിച്ചേർന്ന വൈദീകരും, സന്യാസിനി സന്യാസികളും, വിയന്ന മലയാളികളും, ജർമൻ ഇടവകളിൽ നിന്നുള്ളവരുമുൾപ്പെടെ അഞ്ചൂറോളം പേർ പരിപാടിയിൽ പങ്കെടുത്തു. ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ, ആബട്ട് ബെർണാഡ് ബാക്കോവ്സ്ക്കി, ജെയിംസ് പഴയടത്ത്പറന്പിൽ തുടങ്ങിയവർ ആശംസകളറിയിച്ചു. മലയാളികളുടെ കലാപാരിപാടികളും രജതജൂബിലി ആഘോഷവും ഏറെ ശ്രദ്ധേയമാക്കി.
വിയന്നയിൽ നിന്നും കാറ്റക്കിസം ഡിപ്പാർട്മെന്റിൽ ഗവേഷണം പൂർത്തിയാക്കി നാട്ടിൽ തിരിച്ചെത്തിയ അദ്ദേഹം കാറലം പള്ളിയിൽ ജോലി ചെയ്തു. തുടർന്ന് ദേവാലയ ശുശ്രൂഷ ചെയ്യാനായി അദ്ദേഹം വീണ്ടും വിയന്നയിൽ തിരിച്ചെത്തി. വിയന്നയ്ക്ക് വെളിയിലുള്ള മൂന്നു ദേവാലയങ്ങളിൽ ജർമൻകാരുടെ ഇടയിലാണ് അദ്ദേഹം ഇപ്പോൾ പ്രവർത്തിച്ചു വരുന്നത്.
റിപ്പോർട്ട്: ജോബി ആന്റണി