+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മൂന്നു വയസുകാരിയുടെ തിരോധാനം; പിതാവിന്‍റെ വീട് എഫ്ബിഐ റെയ്ഡ് ചെയ്തു

റിച്ചാർഡ്സണ്‍ (ടെക്സസ്): ഒക്ടോബർ ഏഴ് ശനിയാഴ്ച മുതൽ കാണാതായ മൂന്നു വയസുകാരി ഷെറിൻ മാത്യൂസിനെക്കുറിച്ച് ഇതുവരെ യാതൊരു വിവരവും ലഭിച്ചിട്ടില്ലെന്ന് റിച്ചാർഡ്സണ്‍ പോലീസ് ഡിപ്പാർട്ട്മെന്‍റ് അറിയിച്ചു. ഉറ
മൂന്നു വയസുകാരിയുടെ തിരോധാനം; പിതാവിന്‍റെ വീട് എഫ്ബിഐ റെയ്ഡ് ചെയ്തു
റിച്ചാർഡ്സണ്‍ (ടെക്സസ്): ഒക്ടോബർ ഏഴ് ശനിയാഴ്ച മുതൽ കാണാതായ മൂന്നു വയസുകാരി ഷെറിൻ മാത്യൂസിനെക്കുറിച്ച് ഇതുവരെ യാതൊരു വിവരവും ലഭിച്ചിട്ടില്ലെന്ന് റിച്ചാർഡ്സണ്‍ പോലീസ് ഡിപ്പാർട്ട്മെന്‍റ് അറിയിച്ചു. ഉറക്കത്തിൽ നിന്നെഴുന്നേറ്റ് പാൽ കുടിക്കാൻ വിസമ്മതിച്ച കുഞ്ഞിനെ ശിക്ഷിക്കാൻ വീടിനു പിന്നാന്പുറത്തുള്ള ഒരു മരത്തിന്‍റെ കീഴെ കൊണ്ടുനിർത്തിയെന്നും, പതിനഞ്ചു മിനിറ്റ് കഴിഞ്ഞ് ചെന്നു നോക്കുന്പോൾ കുട്ടിയെ കണ്ടില്ലെന്നുമാണ് പിതാവ് വെസ്ലി മാത്യൂസ് റിച്ചാർഡ്സണ്‍ പോലീസിനോട് പറഞ്ഞത്. എന്നാൽ, പുലർച്ചെ മൂന്നിനു ആരെങ്കിലും മൂന്നു വയസുള്ള പിഞ്ചുകുഞ്ഞിനെ ഇങ്ങനെ പുറത്തു നിർത്തുമോ എന്ന ചോദ്യത്തിന് വെസ്ലി മാത്യൂസിന് ഉത്തരമില്ലെന്ന് പോലീസ് വക്താവ് പറയുന്നു. മാനസിക വളർച്ചയെത്താത്ത കുട്ടിയാണ് ഷെറിൻ.

കുട്ടിയെ കാണാതായത് ശനിയാഴ്ച പുലർച്ചെ മൂന്നു മണിക്കായിരുന്നെങ്കിലും പോലീസിൽ വിവരമറിയിക്കുന്നത് രാവിലെ എട്ടു മണിയ്ക്കാണെന്നതും പോലീസിന് സംശയത്തിനിട നൽകുന്നു. എന്തുകൊണ്ടാണ് അത്രയും താമസിച്ചതെന്ന ചോദ്യത്തിനും വെസ്ലി മാത്യൂസിന് വ്യക്തമായ ഉത്തരമില്ല. റിച്ചാർഡ്സണ്‍ പോലീസ് പ്രദേശം മുഴുവൻ അരിച്ചു പെറുക്കിയെങ്കിലും കുട്ടിയെക്കുറിച്ച് യാതൊരു വിവരവും ലഭിച്ചില്ല.

ചൊവ്വാഴ്ച വൈകുന്നേരം ഏഴിനു എഫ്ബിഐയുടെ എവിഡൻസ് റെസ്പോണ്‍സ് സംഘം വെസ്ലി മാത്യൂസിന്‍റെ വീട് റെയ്ഡ് ചെയ്തു. അതിന് തൊട്ടു മുൻപ് റിച്ചാർഡ്സണ്‍ പോലീസ് അന്വേഷണ വാറണ്ടുമായി എത്തിയിരുന്നു. തെളിവുകൾക്കായി വീടിനകത്തും ചുറ്റുപാടും എഫ്ബിഐ ടീം തിരച്ചിൽ നടത്തി. അന്വേഷണത്തിന്‍റെ സ്വാഭാവിക പുരോഗതി എവിടെ വരെയെത്തിയെന്നോ എന്തെങ്കിലും തെളിവുകൾ ലഭിച്ചുവെന്നോ റിച്ചാർഡ്സണ്‍ പോലീസ് വിശദീകരിച്ചിട്ടില്ല. എഫ്ബിഐ സംഘം എത്തുന്പോൾ വീട്ടിൽ ആരുമുണ്ടായിരുന്നില്ലെന്ന് പോലീസ് വക്താവ് പറഞ്ഞു.

നേരത്തെ പ്രഖ്യാപിച്ചിരുന്ന ജാഗ്രതാ നിർദ്ദേശം തിങ്കളാഴ്ച ഉച്ചക്ക് നിർത്തിവച്ചിരുന്നു. കാരണം, കേസിൽ പുതിയ വിവരങ്ങളൊന്നും കിട്ടിയിട്ടില്ലെന്നുള്ളതു തന്നെ. എന്നാൽ ഭാവിയിൽ വീണ്ടും ജാഗ്രതാ നിർദ്ദേശം ആവർത്തിക്കുമെന്ന് അധികൃതർ പറഞ്ഞു. പെണ്‍കുട്ടി പാൽ കുടിക്കാൻ വിസമ്മതിച്ചതിനെത്തുടർന്നാണ് വീടിനു പുറകുവശത്തെ വേലിക്ക് പിന്നിലുള്ള മരത്തിനടിയിൽ നിർത്തിയതെന്ന് പിതാവ് പോലീസിനോട് പറഞ്ഞിരുന്നു. ഏകദേശം 100 അടി അകലെയാണ് ഈ മരം നിലകൊള്ളുന്നത്. 15 മിനിറ്റ് കഴിഞ്ഞ് ചെല്ലുന്പോൾ കുട്ടി അപ്രത്യക്ഷയായിരുന്നുവെന്നും വെസ്ലിയുടെ സത്യവാങ്മൂലത്തിൽ പറയുന്നു. കുട്ടി തനിയെ വീട്ടിലേക്ക് വന്നുകൊള്ളുമെന്നു വിചാരിച്ച് താൻ തിരിച്ചു പോന്നു എന്നാണ് വെസ്ലി പറയുന്നതെന്ന് പോലീസ് സാർജന്‍റ് കെവിൻ പെർലിച്ച് മാധ്യമങ്ങളോട് പറഞ്ഞു.

വെസ്ലി മാത്യൂസിനെ ശനിയാഴ്ച തന്നെ പോലീസ് അറസ്റ്റു ചെയ്തിരുന്നു. എന്നാൽ, ഞായറാഴ്ച രാത്രിയോടെ രണ്ടര ലക്ഷം ഡോളർ ജാമ്യത്തിൽ വിടുകയും ചെയ്തു. കുട്ടിയുടെ അമ്മയ്ക്കെതിരെ ഇതുവരെ കേസുകളൊന്നും ചാർജ് ചെയ്തിട്ടില്ല. ടെക്സസ് ചൈൽഡ് പ്രൊട്ടക്റ്റീവ് സർവീസസ് (സിപിഎസ്) അധികൃതർ തിങ്കളാഴ്ച കുടുംബത്തിലെ നാലു വയസുള്ള വെസ്ലിയുടെ മറ്റൊരു കുട്ടിയെ കൊണ്ടുപോയി. അമേരിക്കയിലെ നിയമമാണത്. ഏതെങ്കിലും വീട്ടിൽ കുട്ടികൾക്ക് ആപത്തു സംഭവിച്ചാൽ മറ്റു കുട്ടികളെ സിപിഎസ് ഏറ്റെടുത്ത് ഫോസ്റ്റർ ഹോമുകളിൽ താമസിപ്പിക്കും. അപ്രത്യക്ഷയായ കുഞ്ഞിനെ അന്വേഷിച്ച് പോലീസ് ഇപ്പൊഴും അന്വേഷണം തുടരുകയാണ്. മാത്യൂസിന്‍റെ കുടുംബവുമായി ബന്ധപ്പെട്ട് ചില പ്രശ്നങ്ങൾ നേരെത്തെ ഉണ്ടായിട്ടുണ്ടെന്ന് സി പി എസ് അധികൃതർ പറഞ്ഞിരുന്നു, എന്നാൽ വിശദാംശങ്ങൾ രഹസ്യാത്മകമാണെന്നും അവർ പറഞ്ഞു.

തന്‍റെ മകളെ ഉപേക്ഷിച്ച സ്ഥലത്ത് പലപ്പോഴും ചെന്നായകളെ കണ്ടിട്ടുള്ളതായി വെസ്ലി മാത്യൂസിന് അറിയാമായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പക്ഷേ, ചെന്നായ ആക്രമിക്കുകയായിരുന്നെങ്കിൽ കുട്ടിയെ വലിച്ചിഴച്ചതിന്‍റെ യാതൊരു അടയാളമോ തെളിവുകളോ ഇല്ലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നത്. അയൽപക്കത്തും ചുറ്റുപാടും കുട്ടിയെ തിരയുന്നത് വ്യാപകമായി നിരീക്ഷിച്ചുവരുന്നുണ്ട്. ഈ മേഖലയിലുള്ള ലൈംഗിക കുറ്റവാളികളുമായും പോലീസ് ബന്ധപ്പെടുന്നുണ്ട്. കൂടാതെ ചുറ്റുമുള്ള നിരീക്ഷണ ക്യാമറകളിലെ ദൃശ്യങ്ങളും പരിശോധിക്കുന്നുണ്ട്.

കാണാതായ ഷെറിൻ മാത്യൂസിന് മൂന്നു അടി ഉയരവും 22 പൗണ്ട് തൂക്കവും കറുത്ത മുടിയും കണ്ണുകളുമാണ്. ഒരു പിങ്ക് ടോപ്പും, കറുത്ത പജാമയും, പിങ്ക് ഫ്ലിപ് ഫ്ലോപ്പും ധരിച്ചായിരുന്നു അവസാനമായി കണ്ടത്. മാനസിക വളർച്ചയെത്താത്ത കുട്ടിയാണ് ഷെറിൻ. അതുകൊണ്ടുതന്നെ വളർച്ചാ പരിമിതികളും ആശയവിനിമയ പരിമിതികളും ഉള്ളതായി പോലീസ് പറഞ്ഞു. രണ്ടു വർഷം മുൻപാണ് മാത്യൂസിന്‍റെ കുടുംബം ഇന്ത്യയിലെ ഒരു അനാഥാലയത്തിൽ നിന്ന് ഷെറിനെ ദത്തെടുത്തത്.

ഷെറിന് പോഷകാഹാരക്കുറവുണ്ടായിരുന്നതായി മാത്യൂസ് അന്വേഷണോദ്യോഗസ്ഥരോട് പറഞ്ഞു. രാത്രി വൈകിയും ഭക്ഷണം കഴിക്കുന്ന സ്വഭാവമുണ്ടായിരുന്നു. കുട്ടിയുടെ ഭാരം വർധിപ്പിക്കാനായിരുന്നു അതെന്ന് സാർജന്‍റ് പെർലിച്ച് പറഞ്ഞു. മൂന്ന് മണിക്ക് എന്തിനാണ് കുട്ടിയെ പാൽ കുടിക്കാൻ നിർബ്ബന്ധിച്ചതെന്ന ചോദ്യത്തിന് ആ വിശദീകരണം ഉചിതമാണെന്ന് മനസ്സിലാക്കാമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എന്നാലും കുട്ടിക്ക് എന്തു സംഭവിച്ചു എന്നത് ദുരൂഹമാണെന്നും അദ്ദേഹം പറയുന്നു.

ഇതിനിടെ, വെസ്ലി മാത്യൂസിന്‍റെ മൂന്ന് വാഹനങ്ങൾ, സെൽഫോണുകൾ, ലാപ്ടോപ്പുകൾ എന്നിവ അന്വേഷണ സംഘം പിടിച്ചെടുത്തു. ഷെറിൻ മാത്യൂസിനെ സംബന്ധിച്ചുള്ള വിവരങ്ങൾ അറിയാവുന്നവർ റിച്ചാർഡ്സണ്‍ പോലീസ് ഡിപ്പാർട്ട്മെന്‍റുമായി ബന്ധപ്പെടണമെന്ന് അഭ്യർത്ഥിച്ചു. ഫോണ്‍ 972-744-4800.

റിപ്പോർട്ട്: മൊയ്തീൻ പുത്തൻചിറ