മെർക്കലിന് ഇനി സഖ്യ ചർച്ചയുടെ നാളുകൾ

11:15 PM Sep 26, 2017 | Deepika.com
ബെർലിൻ: തുടരെ നാലാം വട്ടവും ജർമനിയുടെ ചാൻസലറാകുമെന്ന് ആംഗല മെർക്കൽ ഉറപ്പിച്ചു കഴിഞ്ഞു. എന്നാൽ, സർക്കാർ രൂപീകരണം എന്ന വലിയ തലവേദന ഇനിയും അവരുടെ മുന്നിൽ ബാക്കി.

ഒരു പാർട്ടിക്കും മൃഗീയ ഭൂരിപക്ഷത്തോടെ ഭരിക്കാൻ സാധിക്കാത്ത വിധത്തിലാണ് ജർമൻ പാർലമെന്‍ററി സംവിധാനം രൂപപ്പെടുത്തിയിരിക്കുന്നത്. പ്രതീക്ഷിച്ചത്ര വോട്ട് മെർക്കലിന്‍റെ സിഡിയുവിനു കിട്ടിയതുമില്ല. നിലവിലുള്ള സർക്കാരിൽ കൂടെ കൂട്ടിയത് പ്രധാന പ്രതിപക്ഷമായിരുന്ന എസ്പിഡിയെയാണ്. എന്നാൽ, ഇക്കുറി പ്രതിപക്ഷത്തു തന്നെ ഇരിക്കുമെന്നാണ് എസ്പിഡിയുടെ പ്രഖ്യാപനം.

ഈ സാഹചര്യത്തിൽ പുതിയ സഖ്യകക്ഷികളെ കണ്ടെത്താനുള്ള കിണഞ്ഞു ശ്രമത്തിലാണ് സിഡിയുവിന്‍റെയും സിഎസ്യുവിന്‍റെയും നേതാക്കൾ. പരിസ്ഥിതിവാദികളായ ഗ്രീൻ പാർട്ടിയെയും വ്യവസായ അനുകൂല പാർട്ടിയായ എഫ്ഡിപിയെയും കൂടെ കൂട്ടാനാണ് ശ്രമം.

സിഡിയു സഖ്യത്തിന് നിലവിൽ 33 ശതമാനം വോട്ടാണുള്ളത്. പ്രതീക്ഷിച്ചിരുന്നത് 37 ശതമാനവും. 1998 മുതൽ 2005 വരെ എസ്പിഡിക്കൊപ്പമാണ് ഗ്രീൻ പാർട്ടി ഇതിനു മുൻപ് മന്ത്രിസഭയിൽ അംഗങ്ങളായിരുന്നത്. ഇക്കുറി സിഡിയുവിനൊപ്പം ചേരാനുള്ള സന്നദ്ധത പരോക്ഷമായി അവർ അറിയിച്ചു കഴിഞ്ഞു.

എന്നാൽ, ഗ്രീൻ പാർട്ടി മാത്രം വന്നാലും പാർലമെന്‍റിൽ ഭൂരിപക്ഷമാകില്ല. അതിന് എഫ്ഡിപിയുടെ കൂടി പിന്തുണ ആവശ്യമാണ്. ആശയപരമായി രണ്ടു ധ്രുവങ്ങളിൽ നിൽക്കുന്ന ഗ്രീൻ പാർട്ടിയെയും എഫ്ഡിപിയെയും ഒരേ മന്ത്രിസഭയിൽ ഒരുമിച്ചു മേയ്ക്കുക തീർത്തും എളുപ്പമായിരിക്കില്ല.

സിഡിയുവിന്‍റെ ബവേറിയൻ സഹോദര പാർട്ടിയായ സിഎസ്യുവിനും ഗ്രീൻ പാർട്ടിയോട് ആശയപരമായി കടുത്ത ഭിന്നതയാണുള്ളത്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ