ലണ്ടൻ: യുക്മ ദേശീയ കലാമേളയുടെ പ്രഖ്യാപനത്തിന്റെ തുടർച്ചയായി എല്ലാ റീജിയണൽ കമ്മറ്റികളും ഈ വർഷത്തെ റീജിയണൽ കലാമേളകളുടെ തീയതിയും സ്ഥലങ്ങളും പ്രഖ്യാപിച്ചു. യുക്മയുടെ ചരിത്രത്തിൽ ആദ്യമായി നോർത്ത് ഈസ്റ്റ് റീജിയണിലും ഈ വർഷം കലാമേള സംഘടിപ്പിക്കപ്പെടും.
രഞ്ജിത്ത് കുമാറും ജോജോ തെരുവനും നയിക്കുന്ന ഈസ്റ്റ് ആംഗ്ലിയ റീജിയന്റെ കലാമേള ബാസിൽഡണിലാണ് അരങ്ങേറുന്നത്. ബാസിൽഡണ് മലയാളി അസോസിയേഷൻ ആതിഥേയത്വം വഹിക്കുന്ന കലാമേള ജെയിംസ് ഹോണ്‍സ്ബി സ്കൂളിൽ നടക്കും. യുക്മ ദേശീയ പ്രസിഡന്റ് മാമ്മൻ ഫിലിപ്പിന്റെ റീജിയനായ ഈസ്റ്റ് ആൻഡ് വെസ്റ്റ് മിഡ്ലാൻഡ്സ് റീജിയണ്‍ കലാമേളയും ഒക്റ്റോബർ ഏഴിന് തന്നെയാണ് നടക്കുന്നത്. ഡിക്സ് ജോർജ്, സന്തോഷ് തോമസ് എന്നിവർ നേതൃത്വം നൽകുന്ന മിഡ്ലാൻഡ്സ് റീജിയണ്‍ നിലവിലുള്ള ദേശീയ ചാന്പ്യൻമാരാണ്.
പ്രസിഡന്റ് കിരണ്‍ സോളമൻ, സെക്രട്ടറി ജസ്റ്റിൻ എബ്രഹാം എന്നിവരുടെ നേതൃത്വത്തിലുള്ള യോർക്ക് ഷെയർ ആൻഡ് ഹംബർ റീജിയണൽ കലാമേളയ്ക്ക് കീത്ത്ലി അരങ്ങൊരുക്കുന്നു. കീത്ത്ലി മലയാളി അസോസിയേഷന്റെ ആതിഥേയത്വത്തിൽ സംഘടിപ്പിക്കപ്പെടുന്ന റീജിയണൽ കലാമേള കീത്ത്ലി ഹോളി ഫാമിലി കാത്തലിക് സ്കൂളിൽ നടക്കും. സൗത്ത് വെസ്റ്റ് റീജിയണ്‍ കലാമേളക്ക് ഈ വർഷം രണ്ട് അസോസിയേഷനുകൾ സംയുക്തമായാണ് ആതിഥേയത്വം വഹിക്കുന്നത്.
ഒക്റ്റോബർ 14 ശനിയാഴ്ച രണ്ട് റീജിയണുകളിലാണ് കലാമേള അരങ്ങേറുന്നത്. ഷീജോ വർഗീസ്, തങ്കച്ചൻ എബ്രഹാം എന്നിവർ നയിക്കുന്ന നോർത്ത് വെസ്റ്റ് റീജിയണൽ കലാമേള ലിവർപൂളിലെ പ്രഗത്ഭരായ ലിംകയുടെ ആതിഥേയത്വത്തിൽ ബ്രോഡ് ഗ്രീൻ സ്കൂളിൽ നടക്കും. അന്നേദിവസം തന്നെ സൗത്ത് ഈസ്റ്റ് റീജിയണൽ കലാമേളയും അരങ്ങേറുന്നു. ലാലു ആന്റണി, അജിത് വെണ്മണി എന്നിവരുടെ നേതൃത്വത്തിലുള്ള സൗത്ത് ഈസ്റ്റ് റീജിയണൽ കലാമേള, യുക്മ നാഷണൽ ജനറൽ സെക്രട്ടറി റോജിമോൻ വർഗീസിന്റെ അസോസിയേഷനായ റിഥം മലയാളി അസോസിയേഷൻ ഓഫ് ഹോർഷത്തിന്റെ ആതിഥേയത്വത്തിൽ കോളേജ് ഓഫ് റിച്ചാർഡ് കൊല്ലയേർസിൽ നടക്കും.
യുക്മ ദേശീയ നേതാക്കളായ മാമ്മൻ ഫിലിപ്പ്, റോജിമോൻ വർഗീസ്, അലക്സ് വർഗീസ്, സുജു ജോസഫ്, ഡോക്ടർ ദീപ ജേക്കബ്, ഓസ്റ്റിൻ അഗസ്റ്റിൻ, സിന്ധു ഉണ്ണി, ജയകുമാർ നായർ, വിവിധ റീജിയനുകളിൽ നിന്നുള്ള നാഷണൽ എക്സിക്യൂട്ടീവ് അംഗങ്ങൾ തുടങ്ങിയവരുടെ നേതൃത്വത്തിൽ വിപുലമായ ഒരുക്കങ്ങളാണ് ദേശീയ തലത്തിൽ കലാമേളക്കായി നടന്നു വരുന്നത്. ലോക മലയാളി പ്രവാസികൾക്കിടയിലെ ഏറ്റവും വലിയ ഈ കലാമാമാങ്കത്തിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നു.
യുക്മ റീജിയണൽ കലാമേളകൾ പ്രഖ്യാപനം പൂർത്തിയായി
10:34 PM Sep 20, 2017 | Deepika.com