ലണ്ടൻ മെട്രോയിൽ തീവ്രവാദി ആക്രമണം; ബക്കറ്റ് ബോംബു സ്ഫോടനത്തിൽ 22 പേർക്ക് പരിക്ക്

10:38 PM Sep 15, 2017 | Deepika.com
ലണ്ടൻ: ലണ്ടനിലെ തുരങ്കപാതയിലെ മെട്രോ സ്റ്റേഷനിലുണ്ടായ ബക്കറ്റ് ബോംബ് സ്ഫോടനത്തിൽ ഒരു കുട്ടിയുൾപ്പെടെ 22 പേർക്ക് പരിക്കേറ്റു. ആരുടേയും നില ഗുരുതരമല്ല. കൂടുതൽ പേർക്കും പൊള്ളലേറ്റുള്ള പരിക്കാണ്.

തെക്കുപടിഞ്ഞാറൻ ലണ്ടനിലെ പാർസൻസ് ഗ്രീൻ സബ്വേയിൽ പ്രാദേശിക സമയം രാവിലെ 8.20 നാണ് സ്ഫോടനം നടന്നത്. ഇതേത്തുടർന്ന് സർവീസുകൾ തത്കാലത്തേയ്ക്കു നിർത്തിവച്ചു.

സംഭവത്തിന്‍റെ പിന്നിൽ തീവ്രവാദികളാണെന്ന് ലണ്ടൻ പോലീസ് പറഞ്ഞു. സംഭവസ്ഥലത്തുനിന്ന് കണ്ടെത്തിയ മറ്റൊരു സ്ഫോടകവസ്തു കണ്ടെത്തിയതിന്‍റെ വെളിച്ചത്തിലാണ് പോലീസ് തീവ്രവാദി ആക്രമണം എന്നു സ്ഥിരീകരിച്ചത്. പോലീസ് പിന്നീടത് നിർവീര്യമാക്കി.

സംഭവത്തിൽ ആരെയും ഇതുവരെ അറസ്റ്റുചെയ്തിട്ടില്ല. ലിഡിൽ സൂപ്പർ മാർക്കറ്റിന്‍റെ പ്ളാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയിലാണ് ബക്കറ്റ് ബോംബ് പോലീസ് കണ്ടത്തിയത്. സമീപത്ത് ഓരു തോൾബാഗും ഉണ്ടായിരുന്നു.പോലീസ് അന്വേഷണം ഉൗർജിതമാക്കി.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ