ജോർജ് രാജകുമാരന്‍റെ സ്കൂളിൽ അതിക്രമിച്ചു കടക്കാൻ ശ്രമിച്ച സ്ത്രീ അറസ്റ്റിൽ

10:19 PM Sep 14, 2017 | Deepika.com
ലണ്ടൻ: വില്യം രാജകുമാരന്‍റെയും കേറ്റ് മിഡിൽടണിന്‍റെയും മകൻ ജോർജ് പുതുതായി ചേർന്ന സ്കൂളിൽ അതിക്രമിച്ചു കടക്കാൻ ശ്രമിച്ചതിന് നാല്പതുകാരിയെ അറസ്റ്റ് ചെയ്തു. 24 മണിക്കൂറിനിടെ രണ്ടു തവണയാണ് ഇവർ അതിക്രമിച്ചു കടക്കാൻ ശ്രമം നടത്തിയതെന്ന് പോലീസ് ഉദ്യോഗസ്ഥൻ നടത്തിയ സ്റ്റിംഗ് ഓപ്പറേഷനിൽ വ്യക്തമായി.

സൗത്ത് ലണ്ടനിലുള്ള ബാറ്റർസീയിലെ തോമസ് ലണ്ടൻ സ്കൂളിലാണ് ജോർജ് പഠിക്കുന്നത്. സന്ദർശകയെന്ന വ്യാജേനയാണ് നാല്പതുകാരി ഇവിടെ കടന്നുകയറാൻ ശ്രമിച്ചത്. സംഭവത്തെത്തുടർന്ന് അധ്യാപകർക്ക് ജാഗ്രതാ നിർദേശം നൽകിയിരിക്കുകയാണ്.

ആദ്യ തവണ സ്കൂളിൽ കടക്കാനുള്ള ശ്രമം പരാജയപ്പെട്ടതിനെത്തുടർന്ന് ഇവർ രക്ഷപെട്ടിരുന്നു. അടുത്ത ദിവസം വീണ്ടുമെത്തിയപ്പോഴാണ് പിടിയിലായത്. മോഷണ ശ്രമത്തിനാണ് ഇപ്പോൾ ഇവർക്കെതിരേ കേസെടുത്തിരിക്കുന്നത്. ഇവർ സ്കൂളിൽ കടക്കാൻ ശ്രമിച്ച സമയത്തൊന്നും രാജകുമാരൻ സ്കൂളിൽ ഉണ്ടായിരുന്നില്ല.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ