ജർമൻ തെരഞ്ഞെടുപ്പിൽ തുർക്കി പ്രസിഡന്‍റിന്‍റെ പരസ്യ ഇടപെടൽ

08:45 PM Aug 23, 2017 | Deepika.com
അങ്കാര: അടുത്ത മാസം നടക്കാനിരിക്കുന്ന ജർമൻ പൊതുതെരഞ്ഞെടുപ്പിൽ തുർക്കി പ്രസിഡന്‍റ് റജബ് തയ്യിബ് എർദോഗാന്‍റെ പരസ്യ ഇടപെടൽ. തുർക്കിയുടെ ശത്രുക്കൾക്ക് വോട്ട് ചെയ്യരുതെന്നാണ് ജർമനിയിൽ പൗരത്വമുള്ള തുർക്കി വംശജരോട് അദ്ദേഹം ആഹ്വാനം ചെയ്തിരിക്കുന്നത്. ചാൻസലർ അംഗല മെർക്കലിന്‍റെ മുന്നണയിൽപ്പെടുന്ന ക്രിസ്റ്റ്യൻ ഡെമോക്രാറ്റിക് യൂണിയൻ, ക്രിസ്റ്റ്യൻ സോഷ്യലിസ്റ്റ് യൂണിയൻ എന്നീ പാർട്ടികളെയും ഗ്രീൻ പാർട്ടിയെയുമാണ് തുർക്കിയുടെ ശത്രുക്കൾ എന്ന എർദോഗാൻ വിശേഷിപ്പിക്കുന്നത്.

ഈ പാർട്ടികളുടെയെല്ലാം പേരെടുത്തു പറഞ്ഞു തന്നെയാണ് ആഹ്വാനം. അവരെല്ലാം തുർക്കിയുടെ ശത്രുക്കളാണെന്നും ടെലിവിഷനിലൂടെ പ്രഖ്യാപനം. ജർമനിയുടെ പരമാധികാരത്തിലുണ്ടായ അഭൂതപൂർവമായ തലയിടലാണിതെന്ന് ജർമൻ വിദേശകാര്യ മന്ത്രിയും സിഎസ്യു നേതാവുമായ സിഗ്മർ ഗബ്രിയേലിന്‍റെ പ്രതികരണം. ജർമനിയിലെ ജനങ്ങളെ പ്രകോപിതരാക്കി തമ്മിൽ തല്ലിക്കാനാണ് ഇത്തരമൊരു നടപടിയിലൂടെ എർദോഗാൻ ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

അതേസമയം, തുർക്കിയെ കൂടുതൽ ആക്രമിച്ചാൽ കൂടുതൽ വോട്ട് കിട്ടുമെന്ന മട്ടിലാണ് സിഡിയുവും സിഎസ്യുവും പ്രചാരണ പ്രവർത്തനങ്ങൾ നടത്തുന്നതെന്ന് എർദോഗാൻ ആരോപിച്ചു. തുർക്കിയോട് ശത്രുത കാണിക്കാത്ത പാർട്ടികളെയാണ് പിന്തുണയ്ക്കേണ്ടത്. അത് ഒന്നാമത്തെ പാർട്ടിയോ രണ്ടാമത്തെ പാർട്ടിയോ എന്നു നോക്കേണ്ട കാര്യമില്ലെന്നും എർദോഗാൻ. ഏതു പാർട്ടിയെ പിന്തുണയ്ക്കണമെന്ന് അദ്ദേഹം വ്യക്തമായി പറഞ്ഞിട്ടില്ല. അടുത്ത മാസം 24നാണ് ജർമനിയിൽ തെരഞ്ഞെടുപ്പ്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ