ഉത്തര കൊറിയയും യുഎസും സംയമനം പാലിക്കണം: ജർമനി

08:27 PM Aug 10, 2017 | Deepika.com
ബർലിൻ: യുഎസും ഉത്തര കൊറിയയും തമ്മിലുള്ള അഭിപ്രായ സംഘർഷം മൂർച്ഛിക്കുന്ന പശ്ചാത്തലത്തിൽ ജർമനി ഇടപെടലിനു ശ്രമിക്കുന്നു. ഇരു പക്ഷവും സംയമനം പാലിക്കണമെന്നും, പ്രകോപനപരമായ പരാമർശങ്ങൾ ഒഴിവാക്കണമെന്നും ജർമൻ വിദേശ മന്ത്രാലയ വക്താവ് മാർട്ടിൻ ഷാഫർ ആവശ്യപ്പെട്ടു.

യുഎസ് - കൊറിയ പ്രശ്നം ജർമനി സസൂക്ഷ്മം നിരീക്ഷിച്ചു വരുകയാണ്. മേഖലയെ ആണവ മുക്തമാക്കുക എന്ന ലക്ഷ്യത്തിന് സൈനിക നടപടിയല്ല മാർഗമെന്നു ജർമനി വിശ്വസിക്കുന്നു. ഉത്തര കൊറിയയ്ക്കെതിരേ യുഎൻ അംഗീകരിച്ച ഉപരോധങ്ങൾ കർശനമായി നടപ്പാക്കാൻ അന്താരാഷ്ട്ര സമൂഹം ശ്രദ്ധ വയ്ക്കണമെന്നും ഷാഫർ അഭിപ്രായപ്പെട്ടു.

ആണവ മിസൈൽ പരീക്ഷണം നിർത്തിവച്ചാൽ കൊറിയയുമായി ചർച്ചയാകാമെന്നാണ് യുഎസ് സ്റ്റേറ്റ് സെക്രട്ടറി റെക്സ് ടില്ലേഴ്സണ്‍ പറഞ്ഞത് സ്വാഗതാർഹമാണെന്നും ഷാഫർ പറഞ്ഞു.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ