മെർക്കലിന്‍റെ ജനപ്രീതിയിൽ വൻ ഇടിവ്

08:24 PM Aug 10, 2017 | Deepika.com
ബർലിൻ: അടുത്ത മാസം 24ന് ജർമനിയിൽ പൊതു തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ജർമൻ ചാൻസലർ അംഗല മെർക്കലിന്‍റെ ജനപ്രീതിയിൽ പത്തു പോയിന്‍റ് ഇടിവെന്ന് സർവേ റിപ്പോർട്ട്. ജർമനിയിലെ മുൻനിര ചാനലായ എആർഡി നടത്തിയ സർവേയിലാണ് ഇക്കാര്യം വെളിപ്പെട്ടത്.

അതേസമയം, മെർക്കലിന്‍റെ ജനപ്രീതി ഇടിയുന്നതിനൊത്ത് ചാൻസലർ സ്ഥാനാർത്ഥിയായ എതിരാളി മാർട്ടിൻ ഷൂൾസിന്‍റെ ജനപ്രീതി ഉയരുന്നില്ല എന്നത് സിഡിയുവിന് ആശ്വാസമാണ്. ഷൂൾസിന്‍റെ ജനപ്രീതിയിൽ നാലു ശതമാനം ഇടിവും രേഖപ്പെടുത്തുന്നു.

കഴിഞ്ഞ മാസം 69 ശതമാനം ആളുകൾ മെർക്കലിനെ പിന്തുണച്ചപ്പോൾ ഇപ്പോൾ അന്പത്തിയൊൻപത് ശതമാനം വോട്ടർമാരാണ് മെർക്കലിനെ പിന്തുണയ്ക്കുന്നത്. എന്നാൽ 25 ശതമാനത്തിൽ താഴെ ആളുകൾ മാത്രമാണ് ഷൂൾസിനു പിന്നിലുള്ളത്.

ജർമനിയിലെ കാർ നിർമ്മാതാക്കൾ നടത്തിയ പുകമറയിൽ രാഷ്ട്രീയക്കാർക്കും പങ്കുണ്ടെന്നുള്ള വിശ്വാസമാണ് മെർക്കലിന്‍റെ ഗ്രാഫ് താഴേയ്ക്കു പോയത്. എന്നിരുന്നാലും അടുത്ത ഉൗഴവും മെർക്കൽ ചാൻസലറാകുമെന്നുള്ള കാര്യം തീർച്ചയാണ്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ