മാർപാപ്പയും പുടിനുമായി കൂടിക്കാഴ്ചയൊരുക്കാൻ കർദ്ദിനാളിന്‍റെ ശ്രമം

08:19 PM Aug 10, 2017 | Deepika.com
വത്തിക്കാൻസിറ്റി: ഫ്രാൻസിസ് മാർപാപ്പയും റഷ്യൻ പ്രസിഡന്‍റ് വ്ളാദിമിർ പുടിനുമായി കൂടിക്കാഴ്ചയ്ക്ക് അവസരമൊരുക്കാൻ കർദിനാൾ പീട്രോ പരോലിന്‍റെ ശ്രമം. വത്തിക്കാൻ അധികാരസ്ഥാനങ്ങളിൽ രണ്ടാമനായ അദ്ദേഹം രാജ്യത്തിന്‍റെ വിദേശകാര്യമന്ത്രി കൂടിയാണ്.

കൂടിക്കാഴ്ചയ്ക്ക് വഴിയൊരുക്കുക എന്ന ദൗത്യവുമായി ഈ മാസം 20 മുതൽ 24 വരെ അദ്ദേഹം റഷ്യ സന്ദർശിക്കും. പുടിനെ കൂടാതെ, റഷ്യൻ ഓർത്തഡോക്സ് സഭാധ്യക്ഷൻ പാട്രിയാർക്ക് കിറിലുമായും കർദിനാൾ കൂടിക്കാഴ്ച നടത്തും.

കിറിലും മാർപാപ്പയും തമ്മിൽ മുന്പു കൂടിക്കാഴ്ച നടത്തിയിരുന്നു. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ ക്യൂബയിൽ വച്ചായിരുന്നു കൂടിക്കാഴ്ച. പതിനൊന്നാം നൂറ്റാണ്ടിൽ ക്രിസ്തീയ സഭ കിഴക്കും പടിഞ്ഞാറുമായി വിഭജിക്കപ്പെട്ട ശേഷം ഏതെങ്കിലും മാർപാപ്പയും റഷ്യൻ സഭാ നേതാവും തമ്മിൽ നടത്തുന്ന ആദ്യ കൂടിക്കാഴ്ചയായിരുന്നു ഇത്. റഷ്യ സന്ദർശിക്കാനുള്ള മാർപാപ്പയുടെ സന്നദ്ധത പുടിനെ അറിയിക്കുകയാണ് യാത്രാ ലക്ഷ്യമെന്ന് കർദിനാൾ പരോലിൻ വ്യക്തമാക്കിയിട്ടുണ്ട്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ