വേനൽ മഴക്കെടുതിയിൽ ജർമനി

08:21 PM Jul 25, 2017 | Deepika.com
ബർലിൻ: വേനലിന്‍റെ നിറവിൽ ജ്വലിച്ചുനിന്ന സൂര്യനെ നിഷ്പ്രഭമാക്കി അവിചാരിതമായെത്തിയ മഴയും കൊടുങ്കാറ്റും ജർമനിയെ ദുരിതത്തിലാക്കി. കഴിഞ്ഞ ഒരാഴ്ചയായി തുടരുന്ന കൊടുങ്കാറ്റും ഇടിയും പേമാരിയും ജർമനിയുടെ ഒട്ടനവധി നഗരങ്ങളെ വെള്ളത്തിനടിയിലാക്കി. ബെർലിൻ, കൊളോണ്‍, ഹാംബുർഗ് തുടങ്ങിയവ ഇതിൽപ്പെടുന്നു.

വേനലിലെ കനത്ത ചൂടായ 36 ഡിഗ്രി സെൽഷ്യസിൽ നിന്നും മഴ അൽപ്പം ശമനം ഉണ്ടാക്കിയെങ്കിലും തോരാത്ത ശക്തമായ മഴ ഇപ്പോൾ ദുരിതപൂർവ്വം സൃഷ്ടിയ്ക്കുകയാണ്. കനത്ത മഴയിൽ റോഡുകളിലും വെള്ളം പൊങ്ങിയത് സഞ്ചാരതടസമുണ്ടായത് ഇപ്പോഴും തുടരുകയാണ്.

ജർമനിയിൽ ഇപ്പോൾ സ്കൂൾ വേനൽ അവധി കാരണം കുടംബത്തോടൊപ്പം മിക്കവരും അവധിയാഘോഷിയ്ക്കാൻ അന്യനാടുകളിൽ പോയിരിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളിലെ മഴയുടെ വ്യാപ്തിയെടുത്താൽ ഒരു ചതുരശ്രയടിയിൽ 50 മുതൽ 80 ലിറ്റർ വെള്ളമാണ് മഴയിൽ ഉണ്ടായതെന്നാണ് കണക്ക്. ചിലയിടങ്ങളിൽ 120 ലിറ്ററോളം ഉണ്ടായതായും നിരീക്ഷണ കേന്ദ്രങ്ങളുടെ കുറിപ്പിൽ പറയുന്നു. കനത്ത മഴമൂലം മധ്യയൂറോപ്പിന്‍റെ താണപ്രദേശങ്ങളിൽ വെള്ളപ്പൊക്കം അനുഭവപ്പെടുന്നുണ്ട്. അടുത്ത 48 മണിക്കൂറിൽ മഴയുടെ ശക്തി വർധിയ്ക്കാൻ സാധ്യതയുള്ളതായും കാലാവസ്ഥാ നിരീക്ഷകർ മുന്നറിയിപ്പ് നൽകുന്നു.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ