+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മലയാളികളുടെ അഭിമാനരേഖയായി രേഖ

ന്യൂയോർക്ക്: അവയവം മാറ്റിവയ്ക്കൽ അമേരിക്കയിൽ വാർത്തയല്ലാതിരുന്നിട്ടുകൂടി ന്യൂജേഴ്സി റോബർട്ട് വുഡ് ജോണ്‍സണ്‍ ആശുപത്രിയിൽ നടന്ന വൃക്ക മാറ്റിവയ്ക്കൽ ചരിത്രമായി. ബന്ധുവല്ലാത്ത ഒരാൾക്ക് ഇന്ത്യൻ വംശജ വൃക
മലയാളികളുടെ അഭിമാനരേഖയായി രേഖ
ന്യൂയോർക്ക്: അവയവം മാറ്റിവയ്ക്കൽ അമേരിക്കയിൽ വാർത്തയല്ലാതിരുന്നിട്ടുകൂടി ന്യൂജേഴ്സി റോബർട്ട് വുഡ് ജോണ്‍സണ്‍ ആശുപത്രിയിൽ നടന്ന വൃക്ക മാറ്റിവയ്ക്കൽ ചരിത്രമായി. ബന്ധുവല്ലാത്ത ഒരാൾക്ക് ഇന്ത്യൻ വംശജ വൃക്ക നൽകുന്ന അമേരിക്കയിലെ ആദ്യ സംഭവം. സ്വന്തം വൃക്ക മുറിച്ചു നൽകാൻ നന്മയും ധൈര്യവും നിശ്ചയദാർഢ്യവും കാട്ടിയത് മലയാളി യുവതി ആണെന്നത് അമേരിക്കയിലെ മുഴുവൻ മലയാളികൾക്കും അഭിമാനിക്കാൻ വക നൽകുന്നു.

രേഖാ നായർ എന്ന മുപ്പത്തിമൂന്നുകാരിയാണ് വൃക്ക ദാനത്തിലൂടെ മഹാത്യാഗത്തിന്‍റെ രേഖ പതിപ്പിച്ചത്. രേഖയുടെ സന്മനസിന്‍റെ ഫലം കിട്ടിയത് കേരളത്തിൽ വേരുകളുള്ള യുവതിക്ക്. ജനിച്ചു വളർന്നത് ഡൽഹിയിലെങ്കിലും അമ്മ വഴി പാലക്കാടുകാരിയായ ദീപ്തിയാണ് രേഖയുടെ വൃക്കയിലൂടെ ജീവിതത്തിലേക്ക് തിരിച്ചെത്തുക.

തൊടുപുഴ വെട്ടിയംകണ്ടത്തിൽ രാമചന്ദ്രൻ നായരുടേയും കോട്ടയം കൂരോപ്പട കോയിപ്പുറത്ത് വീട്ടിൽ ശ്രീദേവിയുടേയും മകളായ രേഖ ജനിച്ചതും വളർന്നതുമെല്ലാം അമേരിക്കയിൽ. വെസ്റ്റ്ചെസ്റ്റർ കൗണ്ടി ഹൗസിംഗ് അഥോറിറ്റിയിൽ സീനിയർ ഡാറ്റാ അനലിസ്റ്റായ രേഖ, കേരള കൾച്ചറൽ അസോസിയേഷൻ, കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്ക, മലയാളി ഹിന്ദു മണ്ഡലം, ഫോമ തുടങ്ങിയ സംഘടനകളിൽ സജീവമാണ്.

പാട്ടുകാരിയും നർത്തകിയുമായ രേഖ, സാംസ്കാരിക പരിപാടിയിലാണ് നർത്തകിയും അവതാരകയുമായ ദീപ്തിയെ പരിചയപ്പെടുന്നത്. കാണുന്പോഴുള്ള സൗഹൃദം പുതുക്കലിനപ്പുറം ശക്തമായിരുന്നില്ല ബന്ധം. വൃക്ക രണ്ടും തകർന്ന് ജീവിതത്തിനു മുന്നിൽ പകച്ചുനിൽക്കുകയാണ് ദീപ്തി എന്നറിഞ്ഞപ്പോൾ രേഖ വാക്കു കൊടുത്തു. എന്‍റെ വൃക്ക യോജിക്കുമങ്കിൽ തരാം. വീട്ടുകാരും ബന്ധുക്കളും സ്വാഭാവികമായും എതിർത്തു. ഒടുവിൽ രേഖയുടെ നിശ്ചയദാർഢ്യത്തിനൊടുവിൽ ഭർത്താവ് നിഷാന്ത് നായരുടേയും കുടുംബാംഗങ്ങളുടേയും പൂർണസമ്മതം വാങ്ങി വൃക്ക മുറിച്ചു നൽകി. ദേവു (7) സൂര്യ (3) എന്നിവരാണ് രേഖയുടെ മക്കൾ.

ജോണ്‍സണ്‍ ആൻഡ് ജോണ്‍സണ്‍ കന്പനിയിലെ ഉദ്യോഗസ്ഥയാണ് ദീപ്തി. ഭർത്താവ് സത്യൻ ഐടി ഉദ്യോഗസ്ഥനാണ്. ഒന്പതു വയസുകാരി റിയ ഏകമകളാണ്.

രേഖയുടെ ആത്മവിശ്വാസം അതിശയിപ്പിച്ചതായി ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയ ഡോ. ജന്നിഫർ മാധ്യമങ്ങളോട് പറഞ്ഞു. വൃക്കമാറ്റിവയ്ക്കൽ പൂർണ വിജയമായിരുന്നുവെന്നും ഡോക്ടർ പറഞ്ഞു.

റിപ്പോർട്ട്: മൊയ്തീൻ പുത്തൻചിറ