ഇംഗ്ലണ്ടിലെ ഏറ്റവും പ്രായം കുറഞ്ഞ ഡോക്ടർ എന്ന ഖ്യാതി ഇനി ഇന്ത്യൻ വംശജനു സ്വന്തം. ഇരുപത്തൊന്നുകാരനായ അർപണ്‍ ദോഷിയാണ് ചരിത്രനേട്ടവുമായി ഡോക്ടറാകാനൊരുങ്ങുന്നത്. ഷെഫീൽഡ് സർവകലാശാലയിൽനിന്ന് വൈദ്യശാസ്ത്രത്തിലും സർജറിയിലും ബിരുദം നേടിയിട്ടുള്ള അർപണ്‍ അടുത്ത മാസം യോർക്കിലെ ആശുപത്രിയിൽ ജോലിയിൽ പ്രവേശിക്കും. മാഞ്ചസ്റ്റർ സർവകലാശാലയിൽനിന്ന് മെഡിക്കൽ ബിരുദം നേടിയ റേച്ചൽ ഫയേ ഹില്ലിന്റെ റിക്കാർഡാണ് അർപണ്‍ പഴങ്കഥയാക്കിയത്.
ഇന്ത്യൻ വംശജനായ അർപണ്‍ പതിമൂന്നാം വയസുവരെ ജീവിച്ചതു ഗുജറാത്തിലെ ഗാന്ധിനഗറിലാണ്. പിന്നീട് കുംടുംബത്തോടൊപ്പം ഇംഗ്ലണ്ടിലേക്ക് കുടിയേറി. പതിനേഴാം വയസിലാണ് വൈദ്യശാസ്ത്ര പഠനത്തിനു ചേരുന്നത്. പഠനത്തൊടൊപ്പം ജോലിയും നോക്കിയിരുന്ന അർപണ്‍ സ്കോളർഷിപ്പും നേടിയിരുന്നു. സുഹൃത്താണ് താൻ റിക്കാർഡിനുടമയാകാൻ പോകുന്ന വിവരം അറിയിച്ചതെന്ന് അർപണ്‍ പറഞ്ഞു. ഹൃദയ ശസ്ത്രക്രിയാ വിദഗ്ധനാകുകയെന്നതാണ് തന്റെ സ്വപ്നമെന്നും അർപണ്‍ അറിയിച്ചു.
ഇംഗ്ലണ്ടിലെ ഏറ്റവും പ്രായം കുറഞ്ഞ ഡോക്ടർ ഇന്ത്യൻ വംശജൻ
03:48 PM Jul 21, 2017 | Deepika.com