+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സുമനസുകളുടെ കാരുണ്യ ഹസ്തത്തിൽ മലയാളി യുവാവ് നാടണഞ്ഞു

ദമാം: സ്വകാര്യ കന്പനിയുടെ ചൂഷണത്തിൽപെട്ട് ദുരിതക്കയത്തിലായ ആലപ്പുഴ സ്വദേശിക്ക് സുമനസുകളുടെ സഹായഹസ്തം. ആലപ്പുഴ ആര്യാട് സ്വദേശി ബിനീഷ് കുട്ടപ്പൻ ആണ് അഞ്ച് വർഷം നീണ്ട നിയമയുദ്ധത്തിനൊടുവിൽ കഴിഞ്ഞ ദിവസം ന
സുമനസുകളുടെ കാരുണ്യ ഹസ്തത്തിൽ മലയാളി യുവാവ് നാടണഞ്ഞു
ദമാം: സ്വകാര്യ കന്പനിയുടെ ചൂഷണത്തിൽപെട്ട് ദുരിതക്കയത്തിലായ ആലപ്പുഴ സ്വദേശിക്ക് സുമനസുകളുടെ സഹായഹസ്തം. ആലപ്പുഴ ആര്യാട് സ്വദേശി ബിനീഷ് കുട്ടപ്പൻ ആണ് അഞ്ച് വർഷം നീണ്ട നിയമയുദ്ധത്തിനൊടുവിൽ കഴിഞ്ഞ ദിവസം നാട്ടിലേക്ക് മടങ്ങിയത്. ദമാം അൽകോബാർ മേഖലയിൽ പ്രവർത്തിക്കുന്ന ഹെൽപ്പിംഗ് ഹാൻഡ്സ് എന്ന ജീവകാരുണ്യ കൂട്ടായ്മയുടെ സഹായത്താലാണ് ബിനീഷ് നാടണഞ്ഞത്.

അഭ്യസ്തവിദ്യനായിട്ടും സ്വകാര്യ സ്ഥാപനം നൽകിയ കഠിനജോലികൾ ഒരു മടിയും കൂടാതെ ചെയ്തപ്പോഴും ശന്പളമോ, മറ്റാനുകൂല്യങ്ങളോ വാർഷിക അവധിയോ കന്പനി മേധാവികൾ നൽകാൻ തയാറായില്ല. തുടർന്ന് ഹെല്പിംഗ് ഹാൻഡ്സ് പ്രവർത്തകരുടെ സഹായത്തോടെ കന്പനിക്കെതിരെ നടത്തിയ നിയമയുദ്ധം അവസാനം ഫലം കാണുകയായിരുന്നു. തന്‍റെ അവകാശങ്ങൾ നേടി എടുക്കാൻ ശ്രമിച്ചതിനൊപ്പം മറ്റു പല സ്വകാര്യ സ്ഥാപനങ്ങളിലും ജോലി ചെയ്ത് ചെലവിനുള്ള വക കണ്ടെത്താൻ ശ്രമിച്ചിരുന്ന ബിനീഷിന് നാട്ടിൽ ഭാര്യയും രണ്ടു കുട്ടികളുമുണ്ട്.

സാന്പത്തികബുദ്ധിമുട്ട് അനുഭവിക്കുന്ന ഇദ്ദേഹത്തിന്‍റെ ദയനീയ സ്ഥിതി അറിയാനിടയായ ദമാം ഇന്ത്യൻ സ്കൂളിലെ അധ്യാപിക ഹെൽപ്പിംഗ് ഹാൻഡ്സ് പ്രവർത്തകൻ ഗണേഷ് പ്രസാദിനെ അറിയിക്കുകയും അദ്ദേഹം സഹപ്രവർത്തകരോടൊപ്പം ബിനീഷിന്‍റെ യാത്രാ ചെലവുകൾ നൽകുകയും ചെയ്തു. അഴിയാത്ത നിയമകുരുക്കിൽ നിന്നും രക്ഷപ്പെട്ട് നാട്ടിലേക്ക് മടങ്ങാൻ സഹായിച്ചവർക്ക് നന്ദി പറഞ്ഞ് ബിനീഷ് തിങ്കളാഴ്ച ജെറ്റ് എയർവേയ്സിൽ നാടണഞ്ഞു.

റിപ്പോർട്ട്: അനിൽ കുറിച്ചിമുട്ടം