ആംഗല മെർക്കൽ അറുപത്തിമൂന്നിന്‍റെ നിറവിൽ

08:48 PM Jul 18, 2017 | Deepika.com
ബെർലിൻ: ജർമൻ ചാൻസലർ ആംഗല മെർക്കലിന്‍റെ അറുപത്തിമൂന്നാം പിറന്നാൾ ആഘോഷമില്ലാതെ കടന്നുപോയി. ഒരു പതിറ്റാണ്ടിലേറെയായി ജർമനിയുടെ മാത്രമല്ല യൂറോപ്യൻ യൂണിയന്‍റെയും മുന്നിൽ തലയുയർത്തി നിൽക്കുന്ന അനിതരസാധാരണ ഭരണശേഷിയും വ്യക്തിപ്രഭാവവും ഉള്ള മെർക്കലിന് പകരം വയ്ക്കാനായി മറ്റൊരു നേതാവിനെ ഉയർത്തിക്കാട്ടാനില്ല എന്നതും മെർക്കലിന്‍റെ വിശേഷണത്തിന് ഏറെ അനുയോജ്യമാണ്.

നാലാമൂഴവും ജർമൻ ചാൻസലറായി തെരത്തെടുപ്പു ഗോദയിൽ കരുക്കൾ നീക്കുന്ന മെർക്കലും പാർട്ടി സിഡിയുവും തികഞ്ഞ ആത്മവിശ്വാസത്തിലാണ്. സെപ്റ്റംബർ 24 നാണ് പൊതുതെരഞ്ഞെടുപ്പ്. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്പോൾ ഏറെ പിന്നിലായിരുന്ന മെർക്കലിന്‍റെ ജനസമ്മതി ഇപ്പോൾ 43 ശതമാനത്തിനും മുകളിലാണ്. അനാവശ്യ കുടിയേറ്റവും അഭയാർഥി പ്രവാഹവും മെർക്കലിന്‍റെ കണക്കുകൂട്ടലുകളെ ഏറെ തെറ്റിച്ചുവെങ്കിലും അതിൽ നിന്നെല്ലാം ഇപ്പോൾ കരകയറുക മാത്രമല്ല ജർമനിയുടെ പ്രിയപ്പെട്ട ചാൻസലറായി തീരുകയും ചെയ്തു. മെർലക്കിന്‍റെ എതിർസ്ഥാനാർഥി എസ്പിഡിയിലെ മാർട്ടിൻ ഷുൾസ് തുടക്കത്തിൽ മുന്നിലായിരുന്നുവെങ്കിലും പാർട്ടിയുടെ ജനസമ്മതി ഇടിഞ്ഞ് ഇപ്പോൾ ഏറെ പിന്നിലാണ്.

1954 ജൂലൈ 17 ന് ഹാംബുർഗിൽ ജനിച്ച മെർക്കൽ 2005 നവംബർ 22 മുതൽ ജർമനിയുടെ ചാൻസലറാണ്. പ്രഫ. ജോവാഹിം സൗവറാണ് ഭർത്താവ്. നാലാമൂഴത്തിൽ ബഹുഭൂരിപക്ഷത്തോടെ മെർക്കൽ തെഞ്ഞെടുക്കപ്പെടുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ പക്ഷം.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ