ബ്രെക്സിറ്റ് ചർച്ചകൾ മന്ദഗതിയിൽ

08:47 PM Jul 18, 2017 | Deepika.com
ലണ്ടൻ: ബ്രിട്ടൻ യൂറോപ്യൻ യൂണിയനിൽനിന്നു പുറത്തുപോകുന്നതു സംബന്ധിച്ച ചർച്ചകൾ എങ്ങുമെത്തിയില്ല. ചർച്ചകളിൽ ആധികാരികത വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ ഇടക്കാല തെരഞ്ഞെടുപ്പ് നടത്തിയതും അതിൽ ഉള്ള ഭൂരിപക്ഷംകൂടി നഷ്ടപ്പെട്ടതുമാണ് സ്ഥിതി ഇത്രയും വഷളാക്കിയിരിക്കുന്നത്.

ബ്രെക്സിറ്റ് വ്യവസ്ഥകൾ സംബന്ധിച്ച് വിവിധ വിഷയങ്ങളിലുള്ള അഭിപ്രായ വ്യത്യാസം ഇരുപക്ഷവും തമ്മിൽ നിലനിൽക്കെ ഇപ്പോഴുണ്ടായ ബ്രിട്ടനിലെ രാഷ്ട്രീയ അനിശ്ചിതത്വം കാര്യങ്ങൾ കൂടുതൽ സങ്കീർണമാക്കി.

യൂറോപ്യൻ യൂണിയന്‍റെ ഭാഗത്തുനിന്ന് മിച്ചൽ ബാർനിയറും ബ്രിട്ടന്‍റെ ഭാഗത്തുനിന്ന് ബ്രെക്സിറ്റ് മന്ത്രി ഡേവിഡ് ഡേവിസുമാണ് ചർച്ചകൾക്ക് നേതൃത്വം നൽകുന്നത്. ഇരുവരും തമ്മിൽ ഇതുവരെ ഏതെങ്കിലും വിഷയത്തിൽ അഭിപ്രായ ഐക്യം ഉണ്ടാക്കാൻ കഴിഞ്ഞിട്ടില്ല.

നിലവിൽ ബ്രിട്ടനിൽ കഴിയുന്ന യൂറോപ്യൻ യൂണിയൻ പൗരൻമാരുടെ ഭാവി സംബന്ധിച്ചാണ് നിലവിൽ ഏറ്റവും രൂക്ഷമായ അഭിപ്രായ വ്യത്യാസം തുടരുന്നത്. ബ്രിട്ടൻ യൂറോപ്യൻ യൂണിയന് നൽകാനുള്ള പണത്തിന്‍റെ വിഷയം ചർച്ചയ്ക്കെടുക്കുന്നതോടെ കുരുക്ക് കൂടുതൽ മുറുകുമെന്ന് ആശങ്കയും ഇല്ലാതില്ല.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ