യൂറോപ്യൻ യൂണിയൻ പൗരൻമാർക്കുള്ള വാഗ്ദാനം തെരേസ മേ പ്രഖ്യാപിച്ചു

08:12 PM Jun 27, 2017 | Deepika.com
ലണ്ടൻ: യൂറോപ്യൻ യൂണിയൻ ഇതിനകം തള്ളിക്കളഞ്ഞ വാഗ്ദാനങ്ങൾ ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ ബ്രിട്ടീഷ് പാർലമെന്‍റിൽ അവതരിപ്പിച്ചു. യുകെയിൽ കഴിയുന്ന 3.2 മില്യൻ യൂറോപ്യൻ പൗരൻമാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുള്ള വാഗ്ദാനങ്ങളാണ് പ്രഖ്യാപനത്തിൽ. ഇതനുസരിച്ച് വിവിധ യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ കഴിയുന്ന 1.2 മില്യൻ ബ്രിട്ടീഷ് പൗരൻമാരുടെ അവകാശങ്ങളും സംരക്ഷിക്കപ്പെടണമെന്നാണ് ബ്രിട്ടന്‍റെ ആവശ്യം.

തെരേസ അവതരിപ്പിച്ച നിർദേശങ്ങൾ അനുസരിച്ച്, അഞ്ച് വർഷം യുകെയിൽ കഴിയുന്ന യൂറോപ്യൻ പൗരൻമാർക്ക് സെറ്റിൽഡ് സ്റ്റാറ്റസിന് അപേക്ഷിക്കാം. ഇതു ലഭ്യമാകുന്നവർക്ക് ബ്രിട്ടീഷ് പൗരൻമാർക്ക് ലഭ്യമായ എല്ലാ സർക്കാർ ആനുകൂല്യങ്ങൾക്കും അർഹതയുണ്ടാകും.

എന്നാൽ, ബ്രിട്ടൻ ഇപ്പോൾ മുന്നോട്ടു വയ്ക്കുന്ന വാഗ്ദാനങ്ങൾ ഏറ്റവും കുറഞ്ഞതും, എന്തായാലും ലഭ്യമാകേണ്ടതുമാണെന്ന നിലപാടാണ് യൂറോപ്യൻ യൂണിയനും വിവിധ യൂറോപ്യൻ രാജ്യങ്ങളും സ്വീകരിച്ചിരിക്കുന്നത്. എന്നാൽ, ഏറ്റവും നീതിയുക്തമായ വാഗ്ദാനങ്ങളാണിതെന്ന് ബ്രിട്ടൻ പറയുന്നു.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ