സ്വതന്ത്ര വ്യാപാര കരാർ യാഥാർഥ്യമാകും: ഡേവിഡ് ഡേവിസ്

08:36 PM Jun 26, 2017 | Deepika.com
ലണ്ടൻ: ബ്രെക്സിറ്റ് നടപ്പാകുന്നതോടെ യൂറോപ്യൻ യൂണിയനുമായി ബ്രിട്ടന് സ്വതന്ത്ര വ്യാപാര കരാറിലെത്താൻ സാധിക്കുമെന്ന് ബ്രിട്ടന്‍റെ ബ്രെക്സിറ്റ് സെക്രട്ടറി ഡേവിഡ് ഡേവിസ്.

ഇതു തനിക്ക് ഉറപ്പാണെങ്കിലും ഇപ്പോൾ തീർച്ച പറയാനാകില്ലെന്നു കൂടി ഡേവിസ് ചൂണ്ടിക്കാട്ടി. ഇതിനൊക്കെ പകരം യുകെയെ ശിക്ഷിക്കുന്ന തരത്തിലുള്ള പാക്കേജാണ് കിട്ടുന്നതെങ്കിൽ അതിൽ നിന്നു നടന്നകലാനും രാജ്യത്തിനു സാധിക്കുമെന്ന് ഡേവിസ്.

എന്നാൽ, പരാജയം നേരിടാനുള്ള തയാറെടുപ്പല്ല ഡേവിഡ് ഡേവിസ് നടത്തേണ്ടതെന്നും പകരം, ഏറ്റവും മികച്ച കരാർ തന്നെ ഉറപ്പാക്കാൻ ശ്രമിക്കണമെന്നും ലേബർ പാർട്ടിയുടെ ഷാഡോ ബ്രെക്സിറ്റ് സെക്രട്ടറി സർ കീർ സ്റ്റാർമർ അഭിപ്രായപ്പെട്ടു.

തെരേസ മേ മികച്ച പ്രധാനമന്ത്രിയാണ്, എന്നാൽ, അവർ കടുത്ത സമ്മർദത്തിലാണെന്നും ഡേവിസ് പറഞ്ഞു. ടോറി നേതൃത്വം സംബന്ധിച്ച് അനിശ്ചിതത്വം നിലനിൽക്കുന്നത് ബ്രെക്സിറ്റ് ചർച്ചകളെ ബാധിക്കാനിടയുള്ളതായും അദ്ദേഹം സമ്മതിച്ചു.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ