ബ്രെക്സിറ്റ് ചർച്ച: വഴിമുട്ടുന്നു

09:14 PM Jun 24, 2017 | Deepika.com
ലണ്ടൻ: ബ്രെക്സിറ്റിനുശേഷം യൂറോപ്യൻ പൗരൻമാർക്കു നൽകാൻ കഴിയുന്ന അവകാശങ്ങൾ സംബന്ധിച്ച് യുകെ മുന്നോട്ടു വച്ച വാഗ്ദാനങ്ങൾ ഒട്ടും തൃപ്തികരമല്ലെന്ന് യൂറോപ്യൻ യൂണിയൻ നേതാക്കൾ.

യുകെയുടെ വാഗ്ദാനം പ്രതീക്ഷകൾക്കൊത്ത് ഉയർന്നില്ലെന്ന് യൂറോപ്യൻ കൗണ്‍സിൽ പ്രസിഡന്‍റ് ഡോണൾഡ് ടസ്ക്. ഈ വാഗ്ദാനം വഴി ബ്രെക്സിറ്റ് ചർച്ചയിൽ ഒരു പുരോഗതിയും പ്രതീക്ഷിക്കാനില്ലെന്ന് ജർമൻ ചാൻസലർ ആംഗല മെർക്കൽ.

നിലവിൽ 3.2 മില്യണ്‍ യൂറോപ്യൻ യൂണിയൻ പൗരൻമാർ യുകെയിലും 1.2 മില്യണ്‍ ബ്രിട്ടീഷ് പൗരൻമാർ വിവിധ യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലും താമസിക്കുന്നുണ്ട്. ഇവരുടെ അവകാശങ്ങൾ ഉറപ്പാക്കുകയാണ് ബ്രെക്സിറ്റ് ചർച്ചയിലെ പ്രധാന വെല്ലുവിളി.

എന്നാൽ, യുകെയുടെ വാഗ്ദാനം ഏറ്റവും മികച്ചതു തന്നെ എന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ. നിലവിൽ യുകെയിൽ കഴിയുന്ന യൂറോപ്യൻ പൗരൻമാർക്ക് അവിടെ തുടരാമെന്നും അഞ്ച് വർഷം പൂർത്തിയാക്കിയവർക്ക് സെറ്റിൽഡ് സ്റ്റാറ്റസ് നൽകി സർക്കാർ ആനുകൂല്യങ്ങൾ ലഭ്യമാക്കാമെന്നുമാണ് തെരേസ മുന്നോട്ടുവച്ച വാഗ്ദാനം.

നൽകാവുന്നതിൽ ഏറ്റവും ചുരുങ്ങിയ അവകാശങ്ങൾ മാത്രമാണ് ബ്രിട്ടൻ വാഗ്ദാനം ചെയ്യുന്നതെന്ന് ജർമൻ വിദേശകാര്യ മന്ത്രി സിഗ്മർ ഗബ്രിയേലിന്‍റെ പ്രതികരണം. ഇപ്പോൾ തെരേസ മേ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ എന്തായാലും ഉറപ്പു വരുത്തേണ്ടതു തന്നെയാണ്. അതിനു പ്രത്യേകം വാഗ്ദാനത്തിന്‍റെ ആവശ്യമൊന്നുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ