യുകെകെസിഎ കണ്‍വൻഷന് കർദിനാളിന്‍റെ പ്രതിനിധിയടക്കം മൂന്നു വൈദികശ്രേഷ്ഠർ

08:34 PM Jun 22, 2017 | Deepika.com
ചെൽട്ടണ്‍ഹാം: സഭ, സമുദായ സ്നേഹം ആത്മാവിൽ അഗ്നിയായി ക്നാനായ ജനത എന്ന ആപ്തവാക്യത്തിലധിഷ്ഠിതമായി 16-ാമത് യുകെകെസിഎ കണ്‍വൻഷൻ ജൂലൈ എട്ടിന് ചെൽട്ടണ്‍ഹാമിലെ ജോക്കി ക്ലബിൽ നടക്കുന്പോൾ മൂന്നു വൈദികശ്രേഷ്ഠരാൽ കണ്‍വൻഷൻ അനുഗ്രഹിതമാകും.

കോട്ടയം അതിരുപതാ സഹായമെത്രാൻ മാർ ജോസഫ് പണ്ടാരശേരി മുഖ്യാതിഥിയാകുന്പോൾ കർദിനാൾ മാർ വിൻസന്‍റ് നിക്കോളസിന്‍റെ പ്രതിനിധിയായി വെസ്റ്റ് മിനിസ്റ്റർ അതിരൂപതാ സഹായമെത്രാൻ മാർ പോൾ മക്ക്ലീൻ അനുഗ്രഹപ്രഭാഷണവും നടത്തും. എത്തിനിക് ചാപ്ലിയൻസിയുടെ ചുമതല വഹിക്കുന്ന ബിഷപ്പ് മാർ പോൾ മക്ക്ലീന്‍റെ സാന്നിധ്യം ഓരോ ക്നാനായകാരനും അഭിമാനവും അനുഗ്രഹവുമാവുകയാണ്. ആദ്യമായിട്ടാണ് കർദിനാൾ വിൻസന്‍റ് നിക്കോളിസിന്‍റെ പ്രതിനിധി യുകെകെസിഎ കണ്‍വൻഷനിൽ പങ്കെടുക്കുന്നത്.

കണ്‍വൻഷനിൽ മാർ ജോസഫ് പണ്ടാരശേരി മുഖ്യകാർമികത്വം വഹിക്കുന്ന ദിവ്യബലിയിൽ ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാർ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാന്പിക്കൽ വചനസന്ദേശം നൽകും.

ഓരോ കണ്‍വൻഷൻ കഴിയുന്പോളും കൂടുതൽ മനോഹരമാകുന്ന സ്വാഗതഗാനത്തിന്‍റെ വിഡിയോ റീലിസായി. നവസംഗീത സംവിധായകനായ ഷാന്‍റി ആന്‍റണി അങ്കമാലി സംഗീതസംവിധാനം ചെയ്ത സ്വാഗതഗാന രചന സുനിൽ ആത്മതടത്തിലും ഗായകർ പിറവം വിൽസണും അഫ്സലുമാണ്.

പ്രസിഡന്‍റ് ബിജു മടക്കക്കുറി ചെയർമാനായി സെക്രട്ടറി ജോസി നെടുംതുരുത്തി പുത്തൻപുര, ട്രഷറർ ബാബു തോട്ടം, വൈസ് പ്രസിഡന്‍റ് ജോസ് വാലച്ചിറ, ജോ. സെക്രട്ടറി സഖറിയ പുത്തൻകുളം, ജോ. സെക്രട്ടറി സഖറിയ പുത്തൻകുളം, ജോ. ട്രഷറർ ഫിനിൽ കളത്തിൽകോട്ട്, അഡ്വൈസർമാരായ ബെന്നി മാവേലിൽ, റോയി സ്റ്റീഫൻ എന്നിവരുടെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ നടന്നുവരുന്നു.

റിപ്പോർട്ട്: പുത്തൻകുളം ജോസ്