പിങ്കിലും നീലയിലും വേർതിരിക്കപ്പെടുന്ന ആണ്‍കുട്ടികളും പെണ്‍കുട്ടികളും യുവത്വത്തിന് പ്രാധാന്യം നൽകി'ജ്വാല'യുടെ പുതിയ ലക്കം പുറത്തിറങ്ങി

08:24 PM Jun 20, 2017 | Deepika.com
ലണ്ടൻ: പിങ്ക് പാവകളും നീലക്കളിപ്പാട്ട കാറുകളും കൊണ്ട് ആണ്‍കുട്ടിയേയും പെണ്‍കുട്ടിയേയും വേർതിരിക്കുന്നതെന്തിനാണ്? ചോദ്യം വളർന്നുവരുന്ന പുതുതലമുറയുടേതാണ്. 21ാം നൂറ്റാണ്ടിലും ഇത്തരത്തിലുള്ള അദൃശ്യമായ ചില വേർതിരിവ് ആണിനും പെണ്ണിനും ഇടയിൽ നിലനിൽക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടുകയാണ് അപർണ്ണയുടെ മൂർച്ചയുള്ള ചോദ്യം. സാക്ഷരതയും ജോലിയും സൗകര്യങ്ങളും ഒക്കെ നേടിയാലും നാം പോലുമറിയാതെ ഇത്തരം വേർതിരിവുകൾ നിത്യജീവിതത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്നു എന്നതിന്‍റെ നേർസാക്ഷ്യമാണ് യുക്മയൂത്തിൽ അപർണ്ണ എഴുതിയിരിക്കുന്ന ന്ധക്രിസ്തുമസ് മരത്തിന് കീഴിലെ പിങ്ക് പാവകളും നീലക്കാറുകളുംന്ധ എന്ന ലേഖനം.

ഒരു സമൂഹത്തിന്‍റെ ഭാവി വളർന്നുവരുന്ന കുട്ടികളുടെ കൈകളാലാണ് എന്ന് പലമഹാന്മാരും ചൂണ്ടിക്കാട്ടിയിട്ടുള്ളതാണ്. അവഗണിക്കപ്പെടാനാകാത്ത ഒരു ശക്തിയാണ് പുതുതലമുറ. യുകെയിലെ പുതുതലമുറ എഴുത്തുകാരേയും അവരുടെ സൃഷ്ടികളേയും പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് 'ജ്വാല ഇ മാഗസീൻ' ഏറ്റവും പുതിയ ലക്കത്തിൽ 'യുക്മ യൂത്ത്' എന്ന വിഭാഗം ഉൾപ്പെടുത്തിയിരിക്കുന്നത്. അപർണ്ണയുടെ ലേഖനം കൂടാതെ ധന്യാ ആൻ മാത്യൂവിന്‍റെ 'ദ സ്പ്ലിറ്റ്' എന്ന കവിതയും ചിത്രവും ഗോകുൽ ഉണ്ണിയുടെ ന്ധദ പെർഫെക്ട് നൈറ്റ്മെയർന്ധ എന്ന കഥയും ആദിത്യ കൃഷ്ണയുടെ ന്ധബേബീസ് ദ ജോയ് ഇൻ ഒൗവർ ലൈവ്സ്ന്ധ എന്ന കവിതയും അരുണ്‍ വരച്ച ചിത്രവും പുതിയ വിഭാഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു.

സന്പൂർണ്ണ സാക്ഷരരെന്ന് അഭിമാനിക്കുന്ന ദൈവത്തിന്‍റെ സ്വന്തം നാടിന്‍റെ മറ്റൊരു മുഖമാണ് എഡിറ്റോറിയലിലൂടെ എഡിറ്റർ റെജി നന്തിക്കാട്ട് വരച്ച് കാട്ടുന്നത്. കേരളത്തിൽ വർദ്ധിച്ചുവരുന്ന പീഡനങ്ങളെ കുറിച്ചാണ് എഡിറ്റോറിയൽ. കൊച്ചിയിൽ സിനിമാ നടിയെ അക്രമിച്ചത് മുതൽ കുണ്ടറയിലെ പത്തുവയസ്സുകാരിയ്ക്ക് നേരെയുളള ലൈംഗികാതിക്രമം വരെ പട്ടികകൾ അന്തമില്ലാതെ നീളുകയാണ്. സ്ത്രീ നിയമങ്ങൾ അതിശക്തമായ കേരളത്തിന്‍റെ അവസ്ഥ ഇതാണെങ്കിൽ ശിരസ്സ് ലജ്ജകൊണ്ട് കുനിയേണ്ടി വരുമെന്ന് എഡിറ്റോറിയൽ ഓർമ്മിപ്പിക്കുന്നു.

കേരളീയന്‍റെ സംസ്കാരത്തിലുണ്ടായ മൂല്യച്യുതിയും കുടുംബഭദ്രതയിലുണ്ടായ തകർച്ചയുമാണ് ഇത്തരത്തിലുള്ള സംഭവങ്ങൾ അരങ്ങേറാൻ കാരണം. പീഡനകഥകൾ മാധ്യമങ്ങൾക്കുള്ള വിൽപ്പനചരക്കുകളാണ്. പീഡനങ്ങളുടെ ആസാദ്യകരമായ വിവരങ്ങൾ പത്രങ്ങളിലും ചാനലുകളിലും വരുന്നത് കുറ്റകൃത്യം പോലെ ഗൗരവമുള്ള കുറ്റമാണെന്നും എഡിറ്റോറിയൽ ഓർമ്മിപ്പിക്കുന്നു. സ്ത്രീയൊരു ഉപഭോഗവസ്തുവല്ലെന്ന തിരിച്ചറിവിൽ മാത്രമേ സ്ത്രീ സുരക്ഷിതയാകുകയൂള്ളൂ എന്ന് ചൂണ്ടിക്കാട്ടിയാണ് എഡിറ്റോറിയൽ അവസാനിക്കുന്നത്.

പ്രവാസി മലയാളികളുടെ, പ്രത്യേകിച്ച് യുകെ പ്രവാസി മലയാളികളുടെ സാഹിത്യാഭിരുചി പ്രോത്സാഹിപ്പിക്കുന്നതിൽ ജ്വാല ഇ മാഗസീൻ വ്യക്തമായ പങ്ക് വഹിക്കുന്നു എന്നത് അഭിമാനകരമായ വസ്തുതയാണ്. വളർന്നുവരുന്ന എഴുത്തുകാർക്ക് കൃത്യമായ ഇടം നൽകികൊണ്ട്, യു കെ മലയാളികളുടെ സാഹിത്യവാസന പ്രോത്സാഹിപ്പിക്കാനും, മികച്ച എഴുത്തുകാരുടെ സൃഷ്ടികൾ ഉൾപ്പെടുത്തികൊണ്ട് മലയാളിക്ക് മികച്ച വായനാനുഭവം നൽകാനും ജ്വാലയ്ക്ക് സാധിച്ചിട്ടുണ്ടെന്ന് ന്ധജ്വാലന്ധ മാനേജിംഗ് എഡിറ്റർ സജീഷ് ടോം അഭിപ്രായപ്പെട്ടു. ജൂണ്‍ ലക്കത്തിൽ പുതുതായി ആരംഭിച്ചിട്ടുള്ള 'ജ്വാല ടാലന്‍റ് കോണ്ടസ്റ്റ്' ഹയർ സെക്കണ്ടറി ക്ലാസ്സുകളിൽ പഠിക്കുന്ന വിദ്യാർത്ഥികളുടെ പൊതുവിജ്ഞാനം പരീക്ഷിക്കാനുള്ള ഒരു നല്ല വേദിയാണ്. സീജ മനോജ്കുമാർ തയ്യാറാക്കിയിട്ടുള്ള ചോദ്യങ്ങളുടെ ശരി ഉത്തരങ്ങൾ ജൂണ്‍ മുപ്പതിന് മുൻപായി അയച്ചുതരേണ്ടതാണ്. ജ്വാല ഇമാഗസിനിലേക്കുള്ള രചനകളും അഭിപ്രായങ്ങളും നിർദ്ദേശങ്ങളും Jwalaemagazine@gmail.com എന്ന ഇമെയിലിലേക്ക് ആണ് അയക്കേണ്ടത്.

റിപ്പോർട്ട് : വര്‍ഗീസ് ഡാനിയേല്‍