പോർസിൽ മലയാളി കുടുംബങ്ങളുടെ ഗ്രിൽ പാർട്ടി നടത്തി

07:28 PM Jun 19, 2017 | Deepika.com
കൊളോണ്‍: ജർമനിയിലെ കൊളോണ്‍ പട്ടണത്തിനു സമീപത്ത് സ്ഥിതിചെയ്യുന്ന പോർസിലെ 45ൽപരം മലയാളി കുടുംബങ്ങൾ പ്രായം മറന്നു മുതിർന്നവരും കുട്ടികളും ഒത്തൊരുമിച്ച് ജൂണ്‍ 17നു ശനിയാഴച് ഈ വർഷത്തെ ഗ്രിൽ പാർട്ടി നടത്തി.

ജീവിതതിരക്കിൽ നിന്ന് ഒഴിഞ്ഞ് കിട്ടിയ സമയം ഏവരും മതിമറന്ന് ആസ്വദിച്ചു. ഉച്ചമുതൽ മുതൽ വൈകുന്നേരം വരെ പാട്ടും, ചർച്ചകളും, വിവിധ കായിക മത്സരങ്ങളും നടത്തി. വിവിധതരം ഇറച്ചികൾ, വിവിധ സോസേജുകൾ എന്നിവയുൾപ്പെടുത്തി ബാർബിക്യൂ രുചികരമാക്കി. വിഭവങ്ങൾക്ക് സലാഡുകളും പാനീയങ്ങളും മേന്പൊടിയായി.

മേരിക്കുട്ടി തോമസ് സ്വാഗതം ആശംസിച്ചു. ജെയിംസ് കരീകാട്ടിൽ, ലൂയിസ് കാനാച്ചേരി തുടങ്ങിയവർ ഗ്രിൽ പാർട്ടിക്ക് ചുക്കാൻ പിടിച്ചു. ബേബി ചാലായിൽ നന്ദി പറഞ്ഞു. ഈ വർഷത്തെ ഓണാഘോഷ പരിപാടികൾ സെപ്റ്റംബർ 2 ന് സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ