ലോകം മുഴുവൻ നിങ്ങളെക്കുറിച്ചു സംസാരിക്കുന്നു: മാക്രോണിനോട് ട്രംപ്

08:18 PM May 26, 2017 | Deepika.com
ബ്രസൽസ്: ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോണുമായി യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് കൂടിക്കാഴ്ച നടത്തി. മാക്രോണിന്‍റെ പ്രചാരണരീതി പുതിയ മാതൃക നൽകുന്നതാണെന്ന് അഭിപ്രായപ്പെട്ട ട്രംപ്, ലോകം മുഴുവൻ ഇപ്പോൾ മാക്രോണിനെക്കുറിച്ചാണു സംസാരിക്കുന്നതെന്നും ചൂണ്ടിക്കാട്ടി.

ബ്രസൽസിലെ യുഎസ് എംബസിയിൽ വച്ചായിരുന്നു കൂടിക്കാഴ്ച. നമുക്ക് ഒരുപാട് കാര്യങ്ങൾ ചർച്ച ചെയ്യാനുണ്ട്. അതിൽ ഭീകരതയും മറ്റു കാര്യങ്ങളും ഉൾപ്പെടുന്നു. ഏതായാലും അഭിനന്ദനങ്ങൾ- ട്രംപ് അദ്ദേഹത്തെ സ്വീകരിച്ചുകൊണ്ട് വ്യക്തമാക്കി.

ട്രംപുമായി കൂടിക്കാഴ്ച നടത്തുന്നതിൽ സന്തോഷമെന്നും, വലിയ അജൻഡ തന്നെയാണ് സംസാരിക്കാനുള്ളതെന്നും മാക്രോണിന്‍റെ പ്രതികരണം. ഭീകരതയെ കൂടാതെ, സാന്പത്തിക വിഷയങ്ങളും കാലാവസ്ഥയും ഉൗർജമേഖലയും ചർച്ചയിൽ വരണമെന്നും മാക്രോണ്‍ പറഞ്ഞു.

കാലാവസ്ഥാ വ്യതിയാനം യാഥാർഥ്യമല്ലെന്നും അതിനെതിരായ പ്രവർത്തനങ്ങൾ ആവശ്യമില്ലെന്നും നിലപാട് സ്വീകരിച്ചിരിക്കുന്ന അപൂർവം രാജ്യ നേതാക്കളിലൊരാളാണ് ട്രംപ്. മാക്രോണ്‍ ആകട്ടെ, ഹരിത ഉൗർജത്തിന്‍റെ ശക്തനായ വക്താവും.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ