സഭാ-സമുദായ സ്നേഹം നെഞ്ചിലേറ്റി ക്നാനായ ദർശൻ

09:16 PM May 22, 2017 | Deepika.com
ബർമിംഗ്ഹാം: സഭാ-സമുദായ സ്നേഹം നെഞ്ചിലേറ്റി ക്നാനായ സമുദായത്തിന്‍റെ ശുഭകരമായ ഭാവി ലക്ഷ്യമാക്കി സഭാ, സംഘടനയിലൂടെ യുകെയിലെ ക്നാനായ സമുദായ വളർച്ചയ്ക്ക് ആവശ്യമായ ക്രിയാത്മകമായ ചർച്ചയ്ക്ക് വഴിതെളിയിച്ചു ഓപ്പണ്‍ ചർച്ച് വേദിയായ “ക്നാനായ ദർശൻ” പുതു ചരിത്രമെഴുതി.നൂറ്റാണ്ടുകളായി കാത്തുപരിപാലിക്കുന്ന സഭാ-സമുദായ പാരന്പര്യങ്ങൾ മുറുകെ പിടിച്ചു സമുദായ തനിമ നിലനിർത്തുവാനും വരുംതലമുറയ്ക്ക് മാർഗദീപമാകുവാനും വേണ്ട നിർദേശങ്ങളും അഭിപ്രായങ്ങളും പ്രതിഫലിച്ച വേദിയായിരുന്ന ക്നാനായ ദർശൻ.

യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നായിയെത്തിയ സമുദായ അംഗങ്ങളെ വിവിധ ഗ്രൂപ്പുകളായി തിരിച്ചു ഓരോ ഗ്രൂപ്പും ചർച്ചു ചെയ്തു അവതരിപ്പിച്ച നിർദേശങ്ങൾ ക്രിയാത്മകമായിരുന്നു. യുകെ കെസിഎയുടെ ചരിത്രത്തിൽ ആദ്യമായിട്ടാണ് ക്നാനായ ദർശൻ എന്ന നാമത്തിൽ തുറന്ന സംവാദം നടത്തപ്പെടുന്നത്.

പ്രസിഡന്‍റ് ബിജു വടക്കക്കുഴിയുടെ അധ്യക്ഷതയിൽ ചേർന്ന ക്നാനായ ദർശൻ സംവാദത്തിൽ സെക്രട്ടറി ജോസി നെടുംതുരിത്തി പുത്തൻപുര മേഡറേറ്ററായിരുന്നു. ട്രഷറർ ബാബു തോട്ടം, വൈസ് പ്രസിഡന്‍റ് ജോസ് മാവച്ചിറ, ജോ. സെക്രട്ടറി സഖറിയ പുത്തൻകുളം, ജോ. ട്രഷറർ ഫിനിൽ കളത്തിൽകോട്ട് എന്നിവർ വിവിധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. മുൻ പ്രസിഡന്‍റുമാരായ ലേവി പടപുരയ്ക്കൽ, ബെന്നി മാവേലി എന്നിവർ ആശംസയർപ്പിച്ചു.