വിഥിൻഷോ സെന്‍റ തോമസ് സീറോ മലബാർ ഇടവകയുടെ സ്പോർട്സ് ഡേ ആവേശോജ്ജ്വലമായി

08:30 PM May 17, 2017 | Deepika.com
മാഞ്ചസ്റ്റർ: വിഥിൻഷോ സീറോ മലബാർ ഇടവകയുടെ ഫാമിലി ഫെസ്റ്റും കുടുംബ യൂണിറ്റുകളുടെയും സണ്‍ഡേ സ്കൂൾ കുട്ടികളുടെയും സ്പോർട്സ് ഡേ ആഘോഷങ്ങളും കഴിഞ്ഞ ദിവസം വിഥിൻഷോ സെന്‍റ് ജോണ്‍സ് സ്കൂൾ ഗ്രൗണ്ടിൽ നടന്നു. ടീമുകൾ അണിനിരന്ന വർണശബളമായ മാർച്ച് പാസ്റ്റോടെയാണ് കായിക മേളക്ക് തുടക്കം കുറിച്ചത്. അലക്സ് വർഗ്ഗീസ് നയിച്ച സെന്‍റ് ഏവുപ്രസ്യാ ടീമും, ജയ്സൻ ജോബ് നയിച്ച സെൻറ് തോമസ് ടീമും നേതൃത്വം നൽകി മാർച്ച് പാസ്റ്റിന് ഇടവക വികാരി റവ.ഡോ. ലോനപ്പൻ അറങ്ങാശ്ശേരി അഭിവാദ്യം സ്വീകരിച്ചു.

തുടർന്ന് സണ്‍ഡേ സ്കൂൾ കുട്ടികളുടെ വിവിധ കായിക മത്സരങ്ങൾ നടന്നു. ഉച്ചഭക്ഷണത്തിന് ശേഷം മുതിർന്നവരുടെയും കായിക മത്സരങ്ങൾ നടന്നു. തുടർന്ന് നടന്ന സമ്മാനദാനത്തിൽ വിജയിച്ച ടീമുകൾക്കുള്ള ട്രോഫികൾ വികാരി ഡോ.ലോനപ്പൻ അറങ്ങാശ്ശേരി വിതരണം ചെയ്തു. മാർച്ച് പാസ്റ്റിലും, മത്സരങ്ങളിൽ ഏറ്റവും കൂടുതൽ പോയന്‍റുകളും കരസ്ഥമാക്കി സെൻറ് ഏവുപ്രാസ്യാ ടീം വിജയികളായി. സെന്‍റ്.തോമസ് ടീം രണ്ടാം സ്ഥാനം കരസ്ഥമാക്കി. ട്രസ്റ്റിമാരായ ബിജു ആന്‍റണി, ട്വിങ്കിൾ ഈപ്പൻ, സുനിൽ കോച്ചേരി, സണ്‍ഡേ സ്കൂൾ പ്രധാന അധ്യാപകൻ ബോബി ആലഞ്ചേരി പാരീഷ് കമ്മിറ്റി അംഗങ്ങൾ സണ്‍ഡേ സ്കൂൾ അധ്യാപകർ തുടങ്ങിയവർ കായിക മേളക്ക് നേതൃത്വം നല്കി.

റിപ്പോർട്ട്: അലക്സ് വർഗീസ്