ജർമനിയിലുള്ള ബ്രിട്ടീഷുകാരുടെ അവകാശങ്ങൾ ഉറപ്പാക്കണം: ബ്രിട്ടീഷ് അംബാസഡർ

09:18 PM Apr 29, 2017 | Deepika.com
ബെർലിൻ: ബ്രെക്സിറ്റിനു ശേഷം ജർമനിയിൽ താമസിക്കുന്ന ബ്രിട്ടീഷുകാരുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടുന്നു എന്ന് എത്രയും വേഗം ഉറപ്പാക്കണമെന്ന് ജർമനിയിലെ ബ്രിട്ടീഷ് അംബാസഡർ സർ സെബാസ്റ്റ്യൻ വുഡ്.

ജർമനിയിലുള്ള ബ്രിട്ടീഷുകാരിൽ പലരും ബ്രെക്സിറ്റിനു ശേഷമുള്ള അവരുടെ ഭാവിയെക്കുറിച്ച് ആശങ്ക പങ്കുവയ്ക്കുന്നു. അവർക്ക് ഭാവിയിലും ഇവിടെ താമസിക്കാനോ ജോലി ചെയ്യാനോ ബുദ്ധിമുട്ട് വരുന്നില്ല എന്ന് ഉറപ്പാക്കണം. ചർച്ചകളിൽ ഇക്കാര്യവും ബ്രിട്ടീഷ് സർക്കാർ ഉൾപ്പെടുത്തുമെന്നും വുഡ് വ്യക്തമാക്കി.

ആർട്ടിക്കിൾ 50 ട്രിഗർ ചെയ്തതുകൊണ്ടു മാത്രം ഇതര യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ താമസിക്കുന്ന ബ്രിട്ടീഷുകാരുടെ അവാകശങ്ങളിൽ ഒരു മാറ്റവും വന്നിട്ടില്ല. ബ്രെക്സിറ്റ് നടപടിക്രമങ്ങൾ പൂർത്തിയാകുന്ന മുറയ്ക്കേ മാറ്റങ്ങൾ വരൂ. അത് അവരുടെ അവകാശങ്ങളെ കഴിവതും ബാധിക്കാത്ത രീതിയിൽ നടപ്പാക്കാനാണ് ശ്രമിക്കുന്നതെന്നും വുഡ്.

ബ്രെക്സിറ്റ് ചർച്ചകൾ അതി സങ്കീർണമാണ്. അതിന്‍റെ ഫലങ്ങൾ എങ്ങനെയൊക്കെ വരുമെന്ന് ഇപ്പോൾ പൂർണമായി പ്രവചിക്കാനാവില്ല. അപ്പപ്പോഴുള്ള കാര്യങ്ങൾ പ്രവാസി ബ്രിട്ടീഷുകാരെ കൃത്യമായി അറിയിക്കുമെന്നും അംബാസഡർ സർ സെബാസ്റ്റ്യൻ വുഡ് പറഞ്ഞു.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ