എഎഫ്ഡിയെ നയിക്കാൻ സ്വവർഗ നേതാവ്

08:30 PM Apr 25, 2017 | Deepika.com
കൊളോണ്‍: സെപ്റ്റംബറിൽ നടക്കുന്ന ജർമൻ പൊതു തെരഞ്ഞെടുപ്പിനെ നേരിടാൻ തീവ്ര വലതുപക്ഷ പാർട്ടി എഎഫ്ഡിക്ക് പൂർണമായും പുതിയ ടീം. പല പ്രമുഖരും പാർശ്വവത്കരിക്കപ്പെടുന്നതും കൊളോണിൽ നടത്തിയ പാർട്ടി സമ്മേളനത്തിൽ കണ്ടു.

രണ്ടു പ്രധാന സ്ഥാനാർഥികളെയും പാർട്ടി പ്രഖ്യാപിച്ചു. ചാൻസലർ ആംഗല മെർക്കലിന്‍റെ സിഡിയുവിൽനിന്ന് പിരിഞ്ഞുപോന്ന കടുത്ത യാഥാസ്ഥിതികവാദിയും എഴുപത്താറുകാരനുമായ അലക്സാൻഡർ ഗൗലാൻഡാണ് ഒരാൾ. മുൻ ഇൻവെസ്റ്റ്മെന്‍റ് ബാങ്കറായ ആലിസ് വീദലാണ് രണ്ടാമത്തെയാൾ. താൻ സ്വവർഗപ്രേമിയാണെന്ന് ഈ മുപ്പത്തെട്ടുകാരി തുറന്നു പ്രഖ്യാപിച്ചിട്ടുള്ളതാണ്.

പാർട്ടി സ്ഥാപാക നേതാക്കളിൽ ഒരാളായ ഫ്രോക്ക് പെട്രി താൻ മത്സരത്തിനില്ലെന്നു നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. പാർട്ടിയിലെ ഉൾപ്പോരാണ് ഈ പിൻമാറ്റത്തിനു കാരണമെന്നാണ് സൂചന.

ജർമനിയുടെ അതിർത്തികൾ സുരക്ഷിതമാക്കാനും പൊതു സുരക്ഷ ഉറപ്പാക്കാനും കഴിയുന്ന ഏക പാർട്ടി എഎഫ്ഡിയാണെന്ന് തെരഞ്ഞെടുക്കപ്പെട്ട ശേഷം ആലിസ് അവകാശപ്പെടുകയും ചെയ്തു.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ