+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഖത്തർ എയർവെയ്സ് ഇന്ത്യയിൽ ആഭ്യന്തര സർവീസ് തുടങ്ങുന്നു

ദുബായ്: ഇന്ത്യൻ വ്യോമയാന സേവന രംഗത്ത് വൻ കുതിച്ചു ചാട്ടത്തിന് കളമൊരുക്കി ഖത്തർ എയർവെയ്സ് ആഭ്യന്തര സർവീസുകൾ ഉടൻ ആരംഭിക്കുമെന്ന് ഖത്തർ എർവെയ്സ് ഗ്രൂപ്പ് സിഇഒ അക്ബർ അൽ ബാക്കർ അറിയിച്ചു. ദുബായിൽ നടക്കുന
ഖത്തർ എയർവെയ്സ് ഇന്ത്യയിൽ ആഭ്യന്തര സർവീസ് തുടങ്ങുന്നു
ദുബായ്: ഇന്ത്യൻ വ്യോമയാന സേവന രംഗത്ത് വൻ കുതിച്ചു ചാട്ടത്തിന് കളമൊരുക്കി ഖത്തർ എയർവെയ്സ് ആഭ്യന്തര സർവീസുകൾ ഉടൻ ആരംഭിക്കുമെന്ന് ഖത്തർ എർവെയ്സ് ഗ്രൂപ്പ് സിഇഒ അക്ബർ അൽ ബാക്കർ അറിയിച്ചു. ദുബായിൽ നടക്കുന്ന അറേബ്യൻ ട്രാവൽ മാർക്കറ്റിന്‍റെ ഭാഗമായി നടന്ന വാർത്താസമ്മേളനത്തിലാണ് എയർലൈനിന്‍റെ പുതിയ പദ്ധതികൾ അദ്ദേഹം വിശദീകരിച്ചത്.

കണിശമായ നിയമവ്യവസ്ഥകൾ പാലിച്ച് തികഞ്ഞ അച്ചടക്കത്തോടെ പ്രവർത്തിക്കുന്ന ഒരു കന്പനി എന്ന നിലക്ക് ഇന്ത്യൻ ഗവണ്‍മെന്‍റിന്‍റെ എല്ലാ വ്യവസ്ഥകളും പാലിച്ചുകൊണ്ടാണ് ഖത്തർ എയർവെയ്സ് ഇന്ത്യൻ ആഭ്യന്തര വ്യോമയാന സർവീസ് ആരംഭിക്കുക. ആഭ്യന്തര സർവീസ് നടത്തുന്ന കന്പനിയുടെ പേര് ഖത്തർ എയർവെയ്സ് എന്നായിരിക്കില്ല. തികച്ചും ഇന്ത്യൻ പേരായിരിക്കും കന്പനി സ്വീകരിക്കുക. എന്നാൽ കന്പനിയുടെ പേര് വെളിപ്പെടുത്താൻ അദ്ദേഹം തയാറായില്ല.

ഇരുപത് വർഷം കൊണ്ട് ലോകത്ത് തന്നെ ശ്രദ്ദേയമായ എയർലൈനുകളുടെ പട്ടികയിൽ സ്ഥാനം പിടിച്ച ഖത്തർ എർവെയ്സ് വണ്‍ വേൾഡിൽ എലൈറ്റ് മെംബർഷിപ്പുള്ള ജിസിസിയിൽ നിന്നുള്ള ഏക വിമാന കന്പനിയാണ്. തുടർച്ചയായി മികച്ച എയർലൈനിനുള്ള അംഗീകാരങ്ങളും പഞ്ചനക്ഷത്ര പദവിയുമുള്ള ഖത്തർ എയർവെയ്സ് കൂടുതൽ ആകർഷകങ്ങളായ സൗകര്യങ്ങളോടെ ജൈത്രയാത്ര തുടരുകയാണ്. മേയ് മാസത്തോടെ ഖത്തർ എയർവെയ്സ് വിമാനങ്ങളിൽ ബ്രോഡ്ബാന്‍റ് ഇന്‍റർനെറ്റ് സൗകര്യം നൽകുന്ന ആദ്യ വിമാനകന്പനി എന്ന സ്ഥാനവും ഖത്തർ എയർവെയ്സ് ഉറപ്പിക്കുകയാണ്.

ഉപഭോക്താക്കൾക്ക് കൂടുതൽ സൗകര്യം ഒരുക്കുന്ന പുതിയ വെബ്സൈറ്റ്, കൂടുതൽ ഇൻ ഫ്ളൈറ്റ് വിനോദ പരിപാടികൾ, നൂതനമായ മൊബൈൽ ആപ്ലിക്കേഷൻ തുടങ്ങിയവയും ഖത്തർ എയർവെയ്സിന്‍റെ പ്രത്യേകതകളാണെന്ന് അക്ബർ അൽ ബാക്കർ പറഞ്ഞു.

ഖത്തറിൽ നിന്നും ഒക്ലാൻഡിലേക്ക് സർവീസ് ആരംഭിച്ച് ലോകത്തിലെ ഏറ്റവും ദൈർഘ്യം കൂടിയ വിമാന സർവീസ് നടത്തുന്ന കന്പനിയായി ഖത്തർ എയർവെയ്സ് റിക്കർഡ് സൃഷ്ടിച്ചു കഴിഞ്ഞു. കാർഗോ സർവീസുകളടക്കം മൊത്തം 195ാളം ഡെസ്റ്റിനേഷനുകളിലേക്കാണ് കന്പനി ഇപ്പോൾ സർവീസ് നടത്തുന്നത്. ഇരുപത് വർഷം കൊണ്ട് ഇത്രയും വലിയ ഒരു നെറ്റ്വർക്ക് സ്വന്തമാക്കുന്ന വിമാനകന്പനി എന്നത് ഖത്തർ എയർവെയ്സിന്‍റെ മാത്രം പ്രത്യേകതയാണെന്ന് അൽ ബാക്കർ കൂട്ടിച്ചേർത്തു.

വാർത്താസമ്മേളനത്തിൽ അക്ബർ അൽ ബാക്കറിന് പുറമെ ചീഫ് കൊമേഴ്സ്യൽ ഓഫീസർ ഇഹാബ് അമീൻ, മാർക്കറ്റിംഗ് ആന്‍റ് കോർപ്പറേറ്റ് കമ്യൂണിക്കേഷൻസ് സീനിയർ വൈസ് പ്രസിഡന്‍റ് സലാം സവ എന്നിവരും പങ്കെടുത്തു.

റിപ്പോർട്ട്: അമാനുള്ള വടക്കാങ്ങര