ബോണ്ട് സിനിമയിലെ പെപ്പർ അന്തരിച്ചു

08:38 PM Apr 18, 2017 | Deepika.com
ലണ്ടൻ: ജയിംസ് ബോണ്ട് സിനിമകളിൽ ഷെരിഫ് ജെ.ഡബ്ല്യു. പെപ്പർ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച നടൻ ക്ലിഫ്റ്റൻ ജയിംസ് (96) അന്തരിച്ചു. പ്രമേഹസംബന്ധമായ രോഗങ്ങളെ തുടർന്ന് അമേരിക്കയിലെ ഓറിഗണിലെ വീട്ടിൽ ശനിയാഴ്ചയായിരുന്നു അന്ത്യം.

1970കളിലെ ജയിംസ് ബോണ്ട് സിനിമകളായ "ലിവ് ആൻഡ് ലെറ്റ് ഡൈ’, "ദ മാൻ വിത്ത് ദ ഗോൾഡൻ ഗണ്‍’ എന്നിവയിൽ സർ റോജർ മൂറിനൊപ്പം ചെയ്ത വേഷങ്ങളിലൂടെയാണ് ജയിംസ് പ്രേക്ഷകപ്രീതി നേടിയത്. ജയിംസ് ബോണ്ട് സിനിമകളിൽ രണ്ടു വ്യത്യസ്ത കഥാപാത്രങ്ങളെ അവതരിപ്പിച്ച ഏക നടനുമാണ് അദ്ദേഹം.

രണ്ടാം ലോകയുദ്ധ കാലത്ത് യുഎസ് സൈനികനായി ജയിംസ് പ്രവർത്തിച്ചിരുന്നു. അഞ്ചു ദശാബ്ദം നീണ്ട അഭിനയ ജീവിതത്തിൽ നിരവധി സ്റ്റേജ് ടിവി പരിപാടികളിലും സിനിമകളിലും അദ്ദേഹം വേഷമിട്ടു. ദല്ലാസ് എന്ന ടിവി സീരിയൽ, സൂപ്പർമാൻ 2, ദി ബോണ്‍ഫയർ ഓഫ് ദി വാനിറ്റീസ് എന്നീ സിനിമകളും ജയിംസിനെ പ്രശസ്തിയിലേക്കുയർത്തി. 2006 ൽ പുറത്തിറങ്ങിയ റെയ്സിംഗ് ഫ്ളാഗ് എന്ന കോമഡി ചിത്രത്തിലാണ് അവസാനമായി വേഷമിട്ടത്. ജയിംസിന്‍റെ വിയോഗം ഏറെ ദുഃഖിതനാക്കിയതായി ഏഴു സിനിമകളിൽ ജയിംസ് ബോണ്ടിനെ അവതരിപ്പിച്ച സർ റോജർ ട്വിറ്ററിൽ കുറിച്ചു.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ