സമാന്തര ചർച്ച വേണ്ട: ബ്രിട്ടനോട് ജർമനി

08:41 PM Mar 30, 2017 | Deepika.com
ബെർലിൻ: ബ്രെക്സിറ്റിനോടനുബന്ധിച്ച് യൂറോപ്യൻ യൂണിയനും യുകെയും തമ്മിൽ നടക്കുന്ന ചർച്ചയ്ക്കു സമാന്തരമായി ജർമനിയുമായി മറ്റൊരു ചർച്ച നടത്താമെന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയുടെ നിർദേശം ജർമൻ ചാൻസലർ ആംഗല മെർക്കൽ തള്ളി.

ഇരു രാജ്യങ്ങളും തമ്മിലുള്ള ഭാവി ബന്ധം ഉൗട്ടിയുറപ്പിക്കുക എന്ന ലക്ഷ്യത്തോടെ ചർച്ച നടത്തുക എന്നതായിരുന്നു തെരേസയുടെ ലക്ഷ്യം. യൂറോപ്പും യുകെയും തമ്മിലുള്ള ബന്ധത്തിന്‍റെ ഭാവിയുടെ കാര്യത്തിൽ തീരുമാനമായിട്ടുമതി ഉഭയകക്ഷി ചർച്ചകൾ എന്ന നിലപാടിലാണ് ജർമനി.

യൂറോപ്യൻ യൂണിയന്‍റെയും നാറ്റോയുടെ മുഖ്യ സഖ്യകക്ഷിയായി യുകെ ഉണ്ടാകുമെന്നാണു പ്രതീക്ഷിക്കുന്നതെന്ന് മെർക്കലിന്‍റെ വക്താവ് നേരത്തെ പ്രത്യാശ പ്രകടിപ്പിച്ചിരുന്നു. ഈ വിശ്വാസത്തിന്‍റെ അടിസ്ഥാനത്തിലായിരിക്കും യൂറോപ്യൻ യൂണിയനും ബ്രിട്ടനുമായുള്ള ചർച്ചകൾ പുരോഗമിക്കുന്നതെന്നും ധാരണ.

യുകെയുമായി യൂറോപ്യൻ യൂണിയൻ നടത്തുന്ന ചർച്ചയിൽ വിശ്വാസമുള്ളതായാണ് ജർമൻ വിദേശകാര്യ മന്ത്രാലയവും പ്രതികരിച്ചിരിക്കുന്നത്.

റിപ്പോർട്ട്: ജോസ് കന്പിളുവേലിൽ