കേബിൾ കാർ സർവീസ് പ്രവർത്തനം അവസാനിപ്പിക്കുന്നു

08:41 PM Mar 30, 2017 | Deepika.com
ബെർലിൻ: ലോകത്തെ ഏറ്റവും ഉയരം കൂടിയ കേബിൾ കാർ സർവീസ് സേവനം അവസാനിപ്പിക്കുന്നു. ജർമനിയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ സുഗ്സ്പിറ്റ്സെയിലേക്ക് സന്ദർശകരെ എത്തിക്കുന്നതിനാണ് കേബിൾ കാർ ഉപയോഗിച്ചു വരുന്നത്. ആധുനിക രീതിയിലുള്ള ഗതാഗത സംവിധാനം സ്ഥാപിക്കുന്നതിന്‍റെ ഭാഗമായാണ് പ്രവർത്തനം അവസാനിപ്പിക്കുന്നത്. അടുത്ത ഞായറാഴ്ചയായിരിക്കും അവസാന സർവീസ്.

54 വർഷത്തെ സ്തുത്യർഹ സേവനത്തിനു ശേഷമാണ് റിട്ടയർമെന്‍റ്. ഇതേ സ്ഥലത്തു തന്നെ പുതിയ രീതിയിലുള്ള കേബിൾ കാർ സ്ഥാപിക്കും. 2000 മീറ്റർ ഉയരത്തിലാണിത് സ്ഥിതി ചെയ്യുന്നത്.

ഉയരം, ദൂരം, ഫ്രെയിമുകളുടെ സ്ഥാനം, നിർമാണത്തിലെ വെല്ലുവിളികൾ, ഭൂമിശാസ്ത്രപരമായ പ്രതിസന്ധികൾ തുടങ്ങിയവയെല്ലാം അതിജീവിച്ച ആർക്കിടെക്ചർ അദ്ഭുതമായാണ് ഇപ്പോഴത്തെ കേബിൾ കാർ വിലയിരുത്തപ്പെടുന്നത്.

റിപ്പോർട്ട്: ജോസ് കന്പിളുവേലിൽ