യൂറോപ്യൻ യൂണിയനുമായി ഉഭയകക്ഷി ധാരണകൾ തുടരണമെന്ന് സ്വിസ് ജനത

09:05 PM Mar 28, 2017 | Deepika.com
ജനീവ: യൂറോപ്യൻ യൂണിയനുമായുള്ള ഉഭയകക്ഷി ധാരണകൾ സുപ്രധാനമാണെന്നും അവ തുടർന്നു പോകണമെന്നും സ്വിറ്റ്സർലൻഡ് ജനതയിൽ ഭൂരിപക്ഷവും വിശ്വസിക്കുന്നു. ഇതു സംബന്ധിച്ചു നടത്തിയ സർവേയിൽ പങ്കെടുത്ത 77 ശതമാനം പേരും പറഞ്ഞത്, യൂറോപ്യൻ യൂണിയനുമായുള്ള അടുത്ത ബന്ധം സ്വിസ് സന്പദ് വ്യവസ്ഥയ്ക്ക് ഗുണകരമാണെന്നാണ്.

യൂണിയനുമായുള്ള ധാരണകൾ കൂടുതലായോ പൂർണമായി തന്നെയോ സ്വിസ് അനുകൂലമാണെന്ന് അഭിപ്രായപ്പെടുന്നവരാണ് സർവേയിൽ പങ്കെടുത്തവരിൽ പകുതിയും. കഴിഞ്ഞ വർഷം ഇങ്ങനെ അഭിപ്രായപ്പെട്ടത് 43 ശതമാനം പേർ മാത്രമായിരുന്നു.

ഇത്തരം കരാറുകളെല്ലാം റദ്ദാക്കണമെന്ന് ആവശ്യപ്പെടുന്നത് 20 ശതമാനം പേരാണ്. സ്വിറ്റ്സർലൻഡ് യൂറോപ്യൻ യൂണിയനിൽ ചേരണമെന്ന് 15 ശതമാനം പേർ അഭിപ്രായപ്പെടുന്നു. കരാറുകൾ പുതുക്കണമെന്ന് അഭിപ്രായമുള്ളത് 44 ശതമാനം പേർക്കാണ്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ