+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പൊതുമാപ്പ്: ഹെല്പ് ഡെസ്കുകൾ പ്രവർത്തിക്കും

ജിദ്ദ: ഇന്ത്യക്കാരായ അനധികൃത താമസക്കാരെ സഹായിക്കാൻ 11 ഹെല്പ് ഡെസ്ക്കുകൾ പ്രവർത്തിക്കുമെന്ന് കോണ്‍സൽ ജനറൽ മുഹമ്മദ് നൂർ റഹ്മാൻ ഷെയ്ഖ്. കോണ്‍സുലേറ്റിൽ നടന്ന വോളണ്ടിയർമാരുടെയും സന്നദ്ധ സംഘടനാ നേതാക്കളു
പൊതുമാപ്പ്: ഹെല്പ് ഡെസ്കുകൾ പ്രവർത്തിക്കും
ജിദ്ദ: ഇന്ത്യക്കാരായ അനധികൃത താമസക്കാരെ സഹായിക്കാൻ 11 ഹെല്പ് ഡെസ്ക്കുകൾ പ്രവർത്തിക്കുമെന്ന് കോണ്‍സൽ ജനറൽ മുഹമ്മദ് നൂർ റഹ്മാൻ ഷെയ്ഖ്. കോണ്‍സുലേറ്റിൽ നടന്ന വോളണ്ടിയർമാരുടെയും സന്നദ്ധ സംഘടനാ നേതാക്കളുടെയും യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നാട്ടിലേക്ക് തിരിച്ചുപോവാനുള്ള എല്ലാ സഹായവും കോണ്‍സുലേറ്റ് നൽകും. കോണ്‍സുലേറ്റിലും വിവിധ പ്രദേശങ്ങളിലും ഇതിനുള്ള സൗകര്യങ്ങൾ ഒരുക്കും. നാട്ടിലേക്ക് പോകാൻ എമർജൻസി സർട്ടിഫിക്കറ്റ് ആവശ്യമുള്ളവർക്കുള്ള ഫോം വിതരണം, അതിന്‍റെ ശേഖരണം എന്നിവ ഹെൽപ് ഡെസ്കുകൾ വഴി നടത്തും. അപേക്ഷ സമർപ്പിക്കാനുള്ള മൊബൈൽ ആപ്ലിക്കേഷൻ കോണ്‍സുലേറ്റ് പുറത്തിറക്കും. തബൂക്ക്, യാന്പു, മദീന, മക്ക, ഖുൻഫുദ, ത്വാഇഫ്, അൽബാഹ, ബിഷ, അബഹ, ജീസാൻ, നജ്റാൻ എന്നിവിടങ്ങളിലും ഹെൽപ് ഡെസ്ക്കുകൾ പ്രവർത്തിക്കുമെന്നും മുഹമ്മദ് നൂർ റഹ്മാൻ ഷെയ്ഖ് പറഞ്ഞു.

നിതാഖാത്ത് കാലത്ത് നൽകിയ സഹകരണം വോളന്‍റിയർമാരും സംഘടനാ നേതാക്കളും വാഗ്ദാനം ചെയ്തു. വിദൂര ഗ്രാമങ്ങളിൽ നിന്നു നാട്ടിലേക്ക് പോവാനായി ജിദ്ദയിൽ എത്തുന്നവർക്ക് താമസം, ഭക്ഷണം എന്നിവ ഒരുക്കണമെന്ന് വോളന്‍റിയർമാർ ആവശ്യപ്പെട്ടു. ചുരുങ്ങിയ ചെലവിൽ ടിക്കറ്റ് ലഭ്യമാക്കാൻ ചാർട്ടേഡ് വിമാനം ഏർപ്പെടുത്തണമെന്നും അംഗങ്ങൾ നിർദേശിച്ചു.

ജിദ്ദയിലെ ഇന്ത്യൻ കോണ്‍സുലേറ്റിന് കീഴിലുള്ള സൗദിയുടെ തെക്ക്, വടക്ക്, പടിഞ്ഞാറൻ മേഖലകളിലെ അനധികൃത താമസക്കാർക്ക് നാട്ടിലേക്ക് മടങ്ങാനുള്ള സഹായങ്ങൾ ലഭ്യമാക്കാൻ ചേർന്ന യോഗത്തിൽ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥരും സൗദിയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വോളന്‍റിയർമാരും സംഘടനാ നേതാക്കളും പങ്കെടുത്തു.

റിപ്പോർട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂർ