ലണ്ടൻ ആക്രമണത്തിന് പിന്നിൽ ഐഎസ്

09:19 PM Mar 23, 2017 | Deepika.com
ലണ്ടൻ: ബ്രിട്ടീഷ് പാർലമെന്‍റിനു സമീപമുണ്ടായ ഭീകരാക്രമണത്തിന്‍റെ ഉത്തരവാദിത്വം ഐഎസ് ഏറ്റെടുത്തു. അമാഖ് വാർ‌ത്താ ഏജൻസിയിലൂടെ പുറത്തുവിട്ട പ്രസ്താവനയിലാണ് ഐഎസ് ഇക്കാര്യം അറിയിച്ചത്. ആക്രമണത്തിന്‍റെ ഉത്തരവാദിത്വം ഏറ്റെടുത്തെങ്കിലും അക്രമിയുടെ പേരോ മറ്റുവിവരങ്ങളോ ഐഎസ് പുറത്തുവിട്ടില്ല. ഐഎസുമായി നേരിട്ടുബന്ധമുള്ള ആളോണോ കൃത്യം നടത്തിയതെന്നും അറിവായിട്ടില്ല.

ഭീകരാക്രമണത്തിൽ അക്രമി ഉൾപ്പെടെ നാലു പേരാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ നാൽപതിലേറെ പേർക്കാണ് പരിക്കേറ്റത്. 29 പേർ ഇപ്പോഴും ആശുപത്രിയിലാണ്. ഇതിൽ ഏഴു പേരുടെ നില ഗുരുതരമാണ്.

ഭീകരാക്രമണവുമായി ബന്ധപ്പെട്ട് പോലീസ് ഏഴുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. രാജ്യത്തുടനീളം സംഘടിപ്പിച്ച റെയ്ഡുകളിലാണ് ഇവർ അറസ്റ്റിലായത്. ബിർമിംഗ്ഹാമിലടക്കം ഏഴിടങ്ങളിലാണ് പോലീസ് റെയ്ഡ് നടത്തിയത്. അറസ്റ്റിലായവരുടെ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. രാജ്യത്തു തുടരുന്ന റെയ്ഡുകളുടെ രഹസ്യസ്വാഭാവം ചോരാതിരിക്കുന്നതിനു വേണ്ടിയാണ് അക്രമിയുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുന്നതെന്ന് മെട്രോപൊളിറ്റൻ പോലീസ് അറിയിച്ചു.