യുഎസിനെ പിന്തുടർന്നു ബ്രിട്ടനും; ഇലക്ട്രോണിക് ഉപകരണങ്ങൾക്കു വിലക്ക്

01:09 PM Mar 22, 2017 | Deepika.com
ലണ്ടൻ: യുഎസിലേക്കുള്ള വിമാന യാത്രികർ ഇലക്ട്രോണിക് ഉപകരണങ്ങൾ വിമാനത്തിന്‍റെ കാബിനുള്ളിൽ കൊണ്ടുവരുന്നതിന് ട്രംപ് ഭരണകൂടം ഏർപ്പെടുത്തിയ വിലക്ക് പിന്തുടരാൻ ബ്രിട്ടനും തീരുമാനിച്ചു. ചില പശ്ചിമേഷൻ രാജ്യങ്ങളിൽനിന്നുള്ള യാത്രക്കാർ ഇലക്ട്രോണിക് ഉപകരണങ്ങൾ കൈയിൽ കരുതുന്നതിനു ബ്രിട്ടൻ വിലക്കേർപ്പെടുത്തി. കൈയിൽ കരുതുന്ന വസ്തുക്കളിൽ സ്ഫോടക വസ്തുക്കൾ ഘടിപ്പിച്ച് വിമാനം തകർക്കാൻ ഭീകരർ ഒരുങ്ങുന്നതായ സുരക്ഷാ ഏജൻസികളുടെ മുന്നറിയിപ്പ് പരിഗണിച്ചാണ് നടപടിയെന്നു ബ്രിട്ടീഷ് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ സുരക്ഷാ ഏജൻസി മേധാവികളുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് ഇതുസംബന്ധിച്ചു തീരുമാനം കൈക്കൊണ്ടത്. ബ്രിട്ടീഷ് എയർവെയ്സ്, ഈസി ജെറ്റ്, തോമസ് കുക്ക് അടക്കമുള്ള വൻകിട വിമാന കന്പനികൾക്കു വിലക്കു ബാധകമാണ്.

എട്ടു മുസ്ലിം രാജ്യങ്ങളിൽനിന്ന് യുഎസിലേക്കുള്ള വിമാന യാത്രികർ ഐപാഡ്, ലാപ്ടോപ്, കിൻഡിൽ തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങൾ വിമാനത്തിന്‍റെ കാബിനുള്ളിൽ കൊണ്ടുവരുന്നതിന് ട്രംപ് ഭരണകൂടം അനിശ്ചിത കാലത്തേക്ക് വിലക്ക് ഏർപ്പെടുത്തിയിരുന്നു. ഭീകരഗ്രൂപ്പുകൾ വിമാനസർവീസുകളെ ലക്ഷ്യം വയ്ക്കുന്നുണ്ടെന്ന ഇന്‍റലിജൻസ് റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് വിലക്ക് ഏർപ്പെടുത്തിയത്. പക്ഷേ ലഗേജായി ഇവ കൊണ്ടുവരുന്നതിനു തടസമില്ല.

ജോർദാൻ, ഈജിപ്ത്, തുർക്കി, യുഎഇ, സൗദി അറേബ്യ, കുവൈത്ത്, ഖത്തർ, മൊറോക്കോ എന്നീ എട്ട് മുസ് ലിം ഭൂരിപക്ഷ രാജ്യങ്ങളിലെ പത്ത് വിമാനത്താവളങ്ങളിൽനിന്ന് യുഎസ് വിമാനത്താവളങ്ങളിലേക്ക് സർവീസ് നടത്തുന്ന ഒന്പത് എയർലൈൻസുകൾക്കാണു വിലക്ക് ബാധമാക്കിയിരിക്കുന്നത്. നിർദിഷ്ട വിമാനത്താവളങ്ങളിൽനിന്നു യുഎസിലേക്കു നേരിട്ടുള്ള ഫ്ളൈറ്റുകളിലെ യാത്രികർക്കു മാത്രമേ വിലക്കു ബാധകമാവൂ. ഈ വിമാനത്താവളങ്ങളിൽനിന്നു യുഎസ് വിമാനക്കന്പനികൾ ഒന്നും നേരിട്ട് അമേരിക്കയിലേക്കു സർവീസ് നടത്തുന്നില്ല.

ആറു മുസ് ലിം രാജ്യങ്ങളിൽനിന്നുള്ള യാത്രികർക്ക് യുഎസിൽ പ്രവേശന വിലക്ക് ഏർപ്പെടുത്തി ട്രംപ് ഭരണകൂടം പുറപ്പെടുവിച്ച പുതുക്കിയ എക്സിക്യൂട്ടീവ് ഉത്തരവിനു പിന്നാലെയാണ് പുതിയ നടപടി.