സ്വതന്ത്ര വ്യാപാരത്തിന് ജർമനിയും ജപ്പാനും കൈകോർക്കുന്നു

08:43 PM Mar 21, 2017 | Deepika.com
ബെർലിൻ: യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം ജർമൻ ചാൻസലർ ആംഗല മെർക്കൽ ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ അബെയുമായി കൂടിക്കാഴ്ച നടത്തി. ട്രംപിന്‍റെ സ്വതന്ത്ര വ്യാപാര വിരുദ്ധ നിലപാടുകളിൽ മാറ്റം വരുത്താൻ സാധിക്കാതിരുന്ന മെർക്കൽ, അബെയുമായി ചേർന്ന് സ്വതന്ത്ര വ്യാപാര സാധ്യതകളെ സംരക്ഷിക്കുമെന്ന പ്രഖ്യാപനവും നടത്തി.

സ്വതന്ത്രവും തുറന്നതുമായ വിപണികളാണ് നമുക്ക് ആവശ്യമെന്ന് ഹാനോവറിൽ നടത്തിയ പ്രസംഗത്തിൽ മെർക്കൽ പറഞ്ഞു. ജപ്പാനുമായി ചേർന്നാണ് സിബിറ്റ് ഐടി എക്സ്പോ ഇത്തവണ ഹാനോവറിൽ ജർമനി നടത്തുന്നത്. ഇതിന്‍റെ ഭാഗമായാണ് അബെ എത്തിയിരിക്കുന്നത്.

സ്വതന്ത്ര വ്യാപാരം, തുറന്ന അതിർത്തികൾ, ജനാധിപത്യ മൂല്യങ്ങൾ എന്നിവയെക്കുറിച്ചു ചർച്ച ചെയ്യുന്ന കാലഘട്ടത്തിൽ ജപ്പാനും ജർമനിയും പരസ്പരം തർക്കിക്കുന്നില്ല എന്നത് നല്ല കാര്യമാണെന്നും അവർ പറഞ്ഞു. തുറന്ന സംവിധാനങ്ങൾ സംരക്ഷിക്കുന്നതിൽ ജർമനിയുമായി ചേർന്നു നിൽക്കാൻ സന്തോഷമുണ്ടെന്ന് അബെയും പറഞ്ഞു.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ