എയർബസ് പറക്കുന്ന കാർ വികസിപ്പിച്ചെടുത്തു

06:33 PM Mar 21, 2017 | Deepika.com
ഫ്രാങ്ക്ഫർട്ട്: റോഡിലെ തിരക്കുമൂലം കഷ്ടപ്പെടുന്പോൾ ഒരിക്കലെങ്കിലും നാമെല്ലാം ചിന്തിച്ചുപോയ ഒരു കാര്യമാണ് നമ്മുടെ കാറിന് പറക്കാൻ സാധിക്കുമായിരുന്നെങ്കിലെന്ന്. ഡ്രൈവർ വേണ്ടാത്ത കാറുകൾ, ഇന്ധനം വളരെക്കുറച്ച് ഉപയോഗിക്കുന്നവ തുടങ്ങി പുതുതലമുറ കാറുകൾ നിർമിക്കാൻ കന്പനികൾ മത്സരിക്കുകയാണ്. ഇതിനിടയിലാണ് വിമാന നിർമാതാക്കളായ എയർബസ് പറക്കുന്ന കാറുമായി രംഗത്തുവരുന്നത്. ഈ രംഗത്ത് കന്പനി നടത്തിയ ഗവേഷണം ഏതാണ്ട് വിജയിച്ച മട്ടിലാണ്.

തനിയെ ഓടിച്ചുപോകുന്ന ഒരു കൊച്ചുകാറാണ് എയർബസ് അവതരിപ്പിച്ചത്. പിന്നിൽ യാത്രക്കാരന് വെറുതേയിരിക്കുകയേ വേണ്ടൂ. ഇനി ഈ കാറിൽ പറക്കണമെന്നുണ്ടെങ്കിൽ അതിന്‍റെ വീലുകൾ ഉപേക്ഷിച്ച് നാല് പ്രൊപ്പല്ലറുകൾ അടങ്ങിയ ഒരു സംവിധാനം താനെ ബന്ധിതമാവുകയും കാറിലുള്ള യാത്രക്കാരുടെ ക്യാബിനെ ഉയർത്തിക്കൊണ്ടുപോവുകയും ചെയ്യുന്നു.

പൂർണമായും വൈദ്യുതിയിലാണ് കാർ പ്രവർത്തിക്കുക. എയർബസ് പോപ്പപ്പ് എന്നാണ് വാഹനത്തിന്‍റെ പേര്. എന്നാൽ ഒട്ടും പ്രതീക്ഷിക്കാതെയുള്ള ഒരു പദ്ധതിയാണ് കന്പനിയുടെ മനസിൽ. ഒരു എയർ ടാക്സി സർവീസ് ആണ് കന്പനിയുടെ മനസിലെന്ന് കരുതുന്നു.

റിപ്പോർട്ട്: ജോർജ് ജോണ്‍