പെൻഷൻ പരിഷ്കരണം: സ്വിറ്റ്സർലൻഡിൽ ഹിതപരിശോധന സെപ്റ്റംബറിൽ

09:00 PM Mar 18, 2017 | Deepika.com
ജനീവ: രാജ്യത്തെ പെൻഷൻ സന്പ്രദായം പരിഷ്കരിക്കുന്നതു സംബന്ധിച്ച് സ്വിറ്റ്സർലൻഡിൽ സെപ്റ്റംബർ 24ന് ജനഹിത പരിശോധന നടത്തും.

നിർദേശിക്കപ്പെട്ട മാറ്റങ്ങൾ പാർലമെന്‍റ് അംഗീകരിച്ച ശേഷമാണ് ഹിതപരിശോധന നടത്താൻ നിശ്ചയിച്ചിരിക്കുന്നത്. രണ്ടു വർഷത്തോളമായി ഇതു സംബന്ധിച്ച ചർച്ചകൾ നടത്തിവരുകയായിരുന്നു. ഈയാഴ്ചാണ് പാർലമെന്‍റിന്‍റെ ഇരു സഭകളും പരിഷ്കരണ ബിൽ പാസാക്കിയത്.

സ്ത്രീകളുടെ വിരമിക്കൽ പ്രായം 64ൽനിന്ന് 65 ആക്കുക എന്നതാണ് മാറ്റങ്ങളിൽ പ്രധാനം. പുരുഷൻമാർക്ക് ഇപ്പോൾ തന്നെ 65 ആണ് വിരമിക്കൽ പ്രായം. പ്രതിവർഷം മൂലധനത്തിന്‍റെ 6.8 ശതമാനമാണ് ഇപ്പോഴത്തെ പെൻഷൻ പേയ്മെന്‍റ്. ഇത് ആറ് ശതമാനാക്കാനും നിർദേശിക്കുന്നു. ഇതിനു പരിഹാരമെന്ന നിലയിൽ 70 ഫ്രാങ്ക് ബോണസ് പ്രതിമാസം അനുവദിക്കും. വാറ്റിൽ 0.6 ശതമാനം വർധന വരുത്തിയാണ് ഇതിനുള്ള ഫണ്ട് കണ്ടെത്താൻ ഉദ്ദേശിക്കുന്നത്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ