ജർമനിയിൽ പാസ് വേഡ് ഇല്ലാത്ത വൈഫൈ യാഥാർഥ്യത്തിലേക്ക്

08:38 PM Mar 01, 2017 | Deepika.com
ബെർലിൻ: വൈഫൈ കണക്ഷനുള്ളവരെല്ലാം അതു പങ്കുവയ്ക്കാൻ ജർമൻ സർക്കാർ പ്രോത്സാഹനം നൽകുന്നു. യൂണിവേഴ്സൽ ഡിജിറ്റലൈസേഷൻ എന്ന ലക്ഷ്യത്തിലേക്ക് രാജ്യത്തെ അടുപ്പിക്കുകയാണ് ഇതിലൂടെ പ്രധാനമായും ഉദ്ദേശിക്കുന്നത്.

വൈഫൈ ഉടമയുടെ അറിവില്ലാതെ മറ്റാരെങ്കിലും ഡൗണ്‍ലോഡ് ചെയ്യുന്ന ഡേറ്റയ്ക്ക് ഉടമയ്ക്കുമേൽ ഉത്തരവാദിത്വം വരുന്ന നിയമ വ്യവസ്ഥ റദ്ദാക്കാനും സർക്കാർ തീരുമാനിച്ചു. സാന്പത്തിക മന്ത്രാലയം ഇതു സംബന്ധിച്ച കരട് ബില്ലിന്‍റെ അവസാന മിനുക്ക് പണിയിലാണിപ്പോൾ.

നിലവിൽ, ഇന്‍റർനെറ്റ് ഉപയോഗിച്ചുള്ള കുറ്റകൃത്യങ്ങളിൽ, ഇന്‍റർനെറ്റ് കണക്ഷനുള്ള ആളും പ്രതിയാകുന്ന തരത്തിലാണ് വ്യവസ്ഥ. ഇത്തരത്തിൽ, സൗജന്യ വൈഫൈ നൽകുന്ന പല ചെറുകിട വ്യവസായികളും കഫേകളും ഹോട്ടലുകളും മറ്റും നിയമക്കുരുക്കിലാകുകയും ചെയ്തിട്ടുണ്ട്.

വൈഫൈ ഉടമകളായ ജർമനിക്കാരിൽ 59 ശതമാനം പേരും സൗജന്യമായി ഇത് അന്യർക്കു നൽകുന്നില്ല എന്നാണ് സർക്കാർ കണക്ക്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ