+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇന്ത്യൻ മുസ് ലിംകൾക്ക് നിരാശ വേണ്ട: ഇ.ടി. മുഹമ്മദ് ബഷീർ എംപി

ഫർവാനിയ: വർത്തമാനകാല പ്രതികൂല സാഹചര്യങ്ങൾ ഇന്ത്യൻ മുസ് ലിംകളെ നിരാശപ്പെടുത്തേണ്ടതില്ലെന്നും ഭരണഘടനാപരമായ അവകാശങ്ങൾക്കുവേണ്ടി ധീരമായ നിയമപോരാട്ടങ്ങളുമായി മുന്നോട്ടു പോകുമെന്നും ഇ.ടി. മുഹമ്മദ് ബഷീർ എ
ഇന്ത്യൻ മുസ് ലിംകൾക്ക് നിരാശ വേണ്ട: ഇ.ടി. മുഹമ്മദ് ബഷീർ എംപി
ഫർവാനിയ: വർത്തമാനകാല പ്രതികൂല സാഹചര്യങ്ങൾ ഇന്ത്യൻ മുസ് ലിംകളെ നിരാശപ്പെടുത്തേണ്ടതില്ലെന്നും ഭരണഘടനാപരമായ അവകാശങ്ങൾക്കുവേണ്ടി ധീരമായ നിയമപോരാട്ടങ്ങളുമായി മുന്നോട്ടു പോകുമെന്നും ഇ.ടി. മുഹമ്മദ് ബഷീർ എംപി. കുവൈത്ത് കേരള ഇസ് ലാഹി സെന്‍റർ സംഘടിപ്പിച്ച നാലാമത് ഇസ് ലാമിക് സെമിനാറിന്‍റെ പൊതുസമ്മേളനത്തിൽ ന്ധഇന്ത്യൻ മുസ് ലിംകൾ വർത്തമാനവും ഭാവിയും’ എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ഇസ് ലാമിനെ യഥാവിധി ഉൾക്കൊണ്ട് സമൂഹത്തിൽ അവതരിപ്പിക്കാനും ഇസ് ലാമിനും മുസ് ലിംകൾക്കുമെതിരെ പടച്ചുണ്ടാക്കിയ പ്രചാരണങ്ങളെ നിർഭയമായി നേരിടാനും പൊതുപ്രശ്നങ്ങളിൽ ഒരുമിച്ചുനിൽക്കാനും മുസ് ലിംകൾ തയാറാവണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. അടിസ്ഥാനമില്ലാത്ത വിവാദങ്ങളുണ്ടാക്കി വിശ്വാസ പ്രബോധന സ്വാതന്ത്രത്തിന് വിലങ്ങിടാനുള്ള ശ്രമങ്ങളെ വകവയ്ക്കാനോ ഭീതിയുടെ പ്രചാരണങ്ങൾക്ക് വഴങ്ങി ക്കൊടുക്കാനോ പാടില്ല. എന്നാൽ സമുദായത്തിനകത്ത് പരസ്പരം തീവ്രവാദ മാരോപിക്കുകയും അനാവശ്യപ്രകോപനങ്ങളുണ്ടാക്കി എതിരാളികളുടെ ജോലി എളുപ്പമാക്കുകയും ചെയ്യുന്ന അവിവേകവും സംഭവിക്കാൻ പാടില്ലാത്തതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇസ് ലാമിക പ്രമാണങ്ങളുടെ അടിസ്ഥാനത്തിലുള്ള ആദർശപരമായ യോജിപ്പാണ് യഥാർഥ മുസ് ലിം ഐക്യത്തിന്‍റെ അടിത്തറയെന്നും എന്നാൽ ആദർശപരമായ വിയോജിപ്പുകളുള്ളപ്പോൾ തന്നെ പൊതു പ്രശ്നങ്ങളിൽ ഒന്നിച്ചുനിൽക്കുന്ന സാമുദായിക ഐക്യം കാലഘട്ടത്തിന്‍റെ ആവശ്യമാണെന്നും "മുസ് ലിം ഐക്യം’ എന്ന വിഷയമവതരിപ്പിച്ച് വിസ്ഡം ഗ്ലോബൽ ഇസ് ലാമിക് മിഷൻ ജനറൽ കണ്‍വീനർ ടി.കെ. അഷ്റഫ് പ്രസ്താവിച്ചു.

പ്രപഞ്ചസംവിധാനം മുഴുവൻ സ്രഷ്ടാവിന്‍റെ നിയമങ്ങൾക്കു വഴങ്ങിയിരിക്കുന്നതു പോലെ മനുഷ്യൻ സ്രഷ്ടാവിന്‍റെ മാർഗദർശനത്തിനു വഴങ്ങുന്ന സ്വയം സമർപ്പണമാണ് ഇസ് ലാം എന്ന് "പ്രകൃതിയുടെ മതം’ എന്ന വിഷയമവതിരിപ്പിച്ച് സംസാരിക്കവെ മുജാഹിദ് ബാലുശേരി ചൂണ്ടിക്കാട്ടി.

പൊതുസമ്മേളനം ഇഹ് യാഉത്തുറാസുൽ ഇസ് ലാമി ചെയർമാൻ ഷെയ്ഖ് താരിഖ് സാമി സുൽത്താൻ അൽ ഈസ ഉദ്ഘാടനം ചെയ്തു. സെന്‍റർ പ്രസിഡന്‍റ് പി.എൻ. അബ്ദുൾലത്തീഫ് മദനി അധ്യക്ഷത വഹിച്ചു. മസ്ജിദുൽ കബീർ ഡയറക്ടർ റൂമി അൽ റൂമി, ആദിബ് അൽ ഗാസി (സൂഖുൽ ഇമാറാത്ത്), ഹാരിസ് ഐദീദ് (ഫിമ), എൻ.കെ. അബ്ദുസലാം, സി.പി. അബ്ദുൾ അസീസ് എന്നിവർ സംസാരിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ