ഓപ്പൽ ഏറ്റെടുക്കൽ മാർച്ചിൽ പൂർത്തിയാക്കാൻ ശ്രമം

08:44 PM Feb 24, 2017 | Deepika.com
പാരീസ്: ജർമനി, ബ്രിട്ടൻ രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന ഓപ്പൽ കാർ കന്പനി ഏറ്റെടുക്കാനുള്ള ഫ്രഞ്ച് ഗ്രൂപ്പ് പിഎസ്എയുടെ ശ്രമം വിജയിക്കുമെന്ന് റിപ്പോർട്ട്. മാർച്ച് ആറിന് ആരംഭിക്കുന്ന ഓട്ടോഷോയ്ക്കു മുൻപു തന്നെ ഇക്കാര്യത്തിൽ വ്യക്തത വരുത്തുന്ന രീതിയിലാണ് ഇരു സ്ഥാപനങ്ങളും തമ്മിലുള്ള ചർച്ചകൾ പുരോഗമിക്കുന്നത്.

പീജിയറ്റ് അടക്കമുള്ള കാറുകളുടെ നിർമാതാക്കളാണ് പിഎസ്എ. ഏറ്റെടുക്കൽ വഴി ബ്രിട്ടനിലും ഫ്രാൻസിലും ജർമനിയിലും മറ്റും ആയിരക്കണക്കിനാളുകൾക്ക് തൊഴിൽ നഷ്ടപ്പെടുമെന്ന് ആശങ്ക നിലനിൽക്കുകയാണ്.

തൊഴിൽ നഷ്ടം സംബന്ധിച്ച് വ്യക്തത വരുത്തണമെന്നും ഇക്കാര്യത്തിൽ ചർച്ച വേണമെന്നും യൂണിയൻ നേതാക്കൾ ആവശ്യപ്പെടുന്നുണ്ടെങ്കിലും ഇരു സ്ഥാപനങ്ങളും വഴങ്ങിയിട്ടില്ല. ഇക്കാര്യം സർക്കാർ തലത്തിൽ തന്നെ ചർച്ചയായിക്കഴിഞ്ഞു.

ഇതിനിടെയാണ്, ഏറ്റെടുക്കൽ ചർച്ചകൾ പ്രാരംഭ ഘട്ടത്തിൽ മാത്രമാണെന്ന സ്ഥാപന മേധാവികളുടെ വാദം പൊളിയുന്ന തരത്തിലുള്ള വിവരങ്ങൾ പുറത്തുവന്നിരിക്കുന്നത്. എങ്കിലും ഓപ്പൽ ജോലിക്കാരെ 2018 വരെ പിരിച്ചുവിടില്ല എന്ന നിലപാടിലാണ് കന്പനി മാനേജ്മെന്‍റ്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ