ബെർലിൻ ഐറ്റിബി മാർച്ച് എട്ടു മുതൽ

08:54 PM Feb 23, 2017 | Deepika.com
ബെർലിൻ: ലോകത്തിലെ ഏറ്റവും വലിയ ട്രാവൽ ആൻഡ് ട്രേഡ് ഷോ (ഐറ്റിബി ബെർലിൻ) ജർമൻ തലസ്ഥാന നഗരമായ ബെർലിനിലെ ഇന്‍റർനാഷണൽ കോണ്‍ഗ്രസ് സെന്‍ററിൽ (ഐസിസി) മാർച്ച് എട്ടിന് തുടങ്ങും. കഴിഞ്ഞവർഷം സുവർണജൂബിലി ആഘോഷിച്ച ഐറ്റിബിയുടെ ഇക്കൊല്ലത്തെ പങ്കാളിത്ത രാജ്യം ബോട്സ്വാനയാണ്.

മാർച്ച് ഏഴിന് (ചൊവ്വ) വൈകുന്നേരം ആറിനാണ് ഉദ്ഘാടന സമ്മേളനം. സമ്മേളനത്തിൽ ക്ഷണിക്കപ്പെട്ട 4500 ഓളം അതിഥികൾ പങ്കെടുക്കും. അതിഥി രാജ്യമായ ബോട്സ്വാനയുടെ പാരന്പര്യ സംഗീതം, നൃത്തം തുടങ്ങിയ വൈവിധ്യങ്ങളായ സാംസ്കാരിക പരിപാടികൾ അരങ്ങേറും.

ബർലിൻ അന്താരാഷ്ട്ര കോണ്‍ഗ്രസ് സെന്‍ററിൽ നടക്കുന്ന മേളയിൽ അഞ്ചു ഭൂഖണ്ഡങ്ങളിൽ നിന്നായി 180 രാജ്യങ്ങളും 10,000 ത്തിലധികം പ്രദർശകരും പങ്കെടുക്കും. ഹാൾ അഞ്ച് 2 ബിയിലാണ് ഇന്ത്യൻ പവലിയൻ ഒരുങ്ങുന്നത്.

1,60,000 സ്ക്വയർ മീറ്റർ വിസ്തൃതിയുള്ള എക്സിബിഷൻ നഗറിൽ മാർച്ച് ഒൻപതു മുതൽ പതിനൊന്നു വരെ ട്രാവൽ ആൻഡ് ടൂറിസം മേഖലയിലെ വിദഗ്ധർക്കും ബാക്കി ദിവസങ്ങൾ പൊതുജനങ്ങൾക്കുമാണ് പ്രവേശനം. രാവിലെ 10 മുതൽ വൈകുന്നേരം ആറു വരെയാണ് സന്ദർശന സമയം. 12 ന് (ഞായർ) മേളയ്ക്ക് തിരശീല വീഴും.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ