വൈദ്യുതിലൈൻ പൊട്ടി ജർമൻ ഇന്‍റർസിറ്റി എക്സ്പ്രസിന്‍റെ മുകളിലേയ്ക്കു വീണു

08:49 PM Feb 20, 2017 | Deepika.com
ഹാംബുർഗ്: വൈദ്യുതിലൈൻ പൊട്ടി ജർമൻ ഇന്‍റർസിറ്റി എക്സ്പ്രസിന്‍റെ മുകളിലേയ്ക്കു വീണത് പരിഭ്രാന്തി സൃഷ്ടിച്ചു. ഞായറാഴ്ച വൈകുന്നേരം ഏഴിന് ഹാംബുർഗ് സെൻട്രൽ സ്റ്റേഷനിലായിരുന്നു സംഭവം.

15000 വോൾട്ട് ഓവർഹെഡ് വൈദ്യുതി ലൈൻ സ്റ്റേഷനിലേയ്ക്ക് ഓടിക്കയറിയ ഇന്‍റർസിറ്റി എക്സ്പ്രസിന്‍റെ (ഐസിഇ) മുകളിലേയ്ക്കാണ് പൊട്ടി വീണത്. മ്യൂണിക്കിൽ നിന്നും ഹാംബുർഗിലേയ്ക്ക് പോകുന്ന എക്സ്പ്രസ് ട്രെയിനിൽ യാത്രക്കാരായി നാനൂറിലധികം യാത്രക്കാർ ഉണ്ടായിരുന്നു. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. എന്നാൽ ഫ്ളാറ്റ്ഫോമിൽ നിന്നിരുന്നവരെയല്ലാം ഉടൻതന്നെ ഒഴിപ്പിച്ചു. യാത്രാക്കാർ എല്ലാവരും തന്നെ മണിക്കൂറോളം ട്രെയിനിൽ കുടുങ്ങിക്കിടന്നു. രക്ഷാപ്രവർത്തകരെത്തി തടസങ്ങൾ ഒഴിവാക്കി യാത്രക്കാരെ പിന്നീട് പല ട്രെയിനുകളിലായി കയറ്റി വിട്ടു.

അപകടകാരണം വ്യക്തമല്ല. സംഭവത്തെ തുടർന്ന് റെയിൽവേ സ്റ്റേഷനും ചുരുക്കംചില റോഡുകളും ഭാഗികമായി അടച്ചു. പോലീസും സുരക്ഷാ ജീവനക്കാരും തക്കസമയത്തുതന്നെ പ്രതികരിച്ചതുകൊണ്ട് വലിയൊരപകടം ഒഴിവായതായി റെയിൽവേ വക്താവ് പറഞ്ഞു.

കഴിഞ്ഞദിവസം ഫ്രാങ്ക്ഫർട്ടിനടുത്തുള്ള ഗ്രീസ്ഹൈമിൽ ഇന്‍റർസിറ്റി എക്സ്പ്രസ് പാളംതെറ്റി പ്ളാറ്റ്ഫോമിലേയ്ക്കു ഇടിച്ചുകയറിയ സംഭവത്തിൽ റെയിൽവേയ്ക്ക് മില്യണ്‍ യൂറോയുടെ നഷ്ടമുണ്ടായി.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ