സ്വിറ്റ്സർലൻഡിൽ കലഹം കാരണം ഓരോ രണ്ടാമത്തെ കുടുംബങ്ങളിലും സ്മാർട്ട് ഫോണുകൾ

06:28 PM Feb 20, 2017 | Deepika.com
സൂറിച്ച്: ആശയ വിനിമയ രംഗത്തെ വിപ്ലവമായി മാറിയ മൊബൈൽ ഫോണുകൾ മൂലം ധാരാളം സൗഹൃദങ്ങൾ ദിനംപ്രതി പൂവണിയുന്പോൾ ഓരോ രണ്ടാമത്തെ ദന്പതികളും കലഹിക്കുന്നതായി പഠനങ്ങൾ സൂചിപ്പിക്കുന്നു. പുതിയ പഠനമനുസരിച്ച് സ്മാർട്ട് ഫോണുകളുടെ അമിത ഉപയോഗം കുടുംബങ്ങൾക്കിടയിൽ ഭിന്നതയുണ്ടാക്കുന്നതിൽ സുപ്രധാന പങ്കു വഹിക്കുന്നു.

സാധാരണ 45 ശതമാനം കുടുംബങ്ങളിലും മൊബൈൽ ഫോണ്‍ മൂലം തമ്മിൽത്തല്ലുണ്ടാകുന്നു. പ്രായപൂർത്തിയായ 13,000 പേരിൽ ഇന്‍റൽ സെക്യൂരിറ്റി നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തലുകൾ.

സർവേയിൽ പങ്കെടുത്തവരിൽ 40 ശതമാനത്തിനും തങ്ങളുടെ പങ്കാളികൾ, തങ്ങളെക്കാളേറെ മൊബൈൽ ഫോണിനുവേണ്ടി സമയം ചെലവഴിക്കുന്നവരാണെന്ന് വെളിപ്പെടുത്തി. ഇതൊക്കെയാണെങ്കിലും മൊബൈൽ ഫോണിന് ദൂഷ്യ വശങ്ങളും നല്ല വശങ്ങളുമുള്ളതായി മനസിലാക്കണം.

വേർപിരിഞ്ഞു താമസിക്കുന്നവർക്കിടയിൽ പരസ്പരം ആശയവി നിമയത്തിന് മൊബൈൽ ഫോണ്‍ ഉപാധിയാകുന്നു. പരസ്പരം അകന്നിരിക്കുന്പോഴും ആശയവിനിമയം ഫോണിലൂടെ എളുപ്പം സാധ്യമാകുന്നു. ഇങ്ങനെയാണെങ്കിലും ജീവിത പങ്കാളിയേക്കാൾ അമിതമായ പ്രാധാന്യം ഫോണിനു കൊടുക്കുന്നതാണ് പല ദാന്പത്യത്തിന്‍റെയും തകർച്ചയുടെ കാരണമെന്ന് സൂറിച്ചുകാരിയായ ബെറ്റിന പറയുന്നു.

സ്ത്രീയും പുരുഷനെയും തമ്മിൽ ബന്ധിപ്പിക്കുന്നതിൽ മൊബൈൽ ഫോണ്‍ അതുല്യമായ പങ്കു വഹിക്കുന്നെങ്കിലും ആദ്യ സമാഗമത്തിനുശേഷം അവരുടെ പരസ്പര ബന്ധത്തിന്‍റെ സ്വഭാവമനുസരിച്ച് മൊബൈൽ ഫോണിന്‍റെ റോളും മാറിമറിയുന്നു.

ഫോണിൽ സമയം അനാവശ്യമായി ചെലവഴിക്കുന്ന ദന്പതിമാർക്ക് തങ്ങളുടെ പങ്കാളികളുടെ കാര്യത്തിൽ വലിയ താത്പര്യമൊന്നുമുണ്ടാകില്ല. അതുകൊണ്ട് വിശ്രമ സമയത്ത് മാത്രം മൊബൈൽ ഉപയോഗിക്കുക എന്ന പ്രായോഗിക ധാരണ 50 ശതമാനം ജോഡികളും ഉണ്ടാക്കിയിട്ടുള്ളതായി സർവേ വെളിപ്പെടുത്തുന്നു.

റിപ്പോർട്ട്: ഷിജി ചീരംവേലിൽ