നാറ്റോയ്ക്ക് ഉറച്ച പിന്തുണ പ്രഖ്യാപിച്ച് യുഎസ് വൈസ് പ്രസിഡന്‍റ് മൈക്ക് പെൻസ്

09:10 PM Feb 18, 2017 | Deepika.com
മ്യൂണിക്ക്: നാറ്റോ സഖ്യകക്ഷികൾക്ക് യുഎസിന്‍റെ ഉറച്ച പിന്തുണ എന്നുമുണ്ടാവുമെന്ന അമേരിക്കൻ വൈസ് പ്രസിഡന്‍റ് മെക്ക് പെൻസ്. മ്യൂണിക്കിൽ നടക്കുന്ന വേൾഡ് സെക്യൂരിറ്റി കോണ്‍ഫറൻസിൽ സംസാരിക്കുകയായിരുന്നു പെൻസ്.

ലളിതവും എന്നാൽ കരുതിക്കൂട്ടിയുള്ള അദ്ദേഹത്തിന്‍റെ പ്രസംഗത്തിൽ പ്രസിഡന്‍റ് ട്രംപിന്‍റെ പ്രധാന വിദേശനയം ഏറെ പ്രതിഫലിച്ചിരുന്നു. യുഎസ് ഇന്നും എന്നും എല്ലാ ദിവസവും യൂറോപ്പിന്‍റെകൂടെ നിൽക്കുമെന്നും പെൻസ് അസന്നിഗ്ധമായി പറഞ്ഞു.

യൂറോപ്യൻ രാജ്യങ്ങൾ നാറ്റോയുടെ പ്രതിരോധ ഫണ്ടിലേയ്ക്കുള്ള അവരുടെ ന്യായമായ വിഹിതം അടയ്ക്കാൻ പരാജയപ്പെടുന്നത് നാറ്റോ സഖ്യത്തിന്‍റെ നിലനിൽപ്പിന് അപകടകരമാണെന്ന് പെൻസ് ചൂണ്ടിക്കാട്ടി.

യുഎസിനു പുറമെ നാല് നാറ്റോ രാജ്യങ്ങളാണ് സഖ്യത്തിന്‍റെ പ്രതിരോധ ഫണ്ടിലേയ്ക്ക് ജിഡിപിയുടെ രണ്ടു ശതമാനം ചെലവഴിക്കാൻ 2014 ൽ പ്രതിബദ്ധത കാട്ടിയതെന്നും വൈസ് പ്രസിഡന്‍റ് കൂട്ടിച്ചേർത്തു.

പ്രസിഡന്‍റ് ട്രംപ് അധികാരമേൽക്കുന്നതിനു മുന്പു പറഞ്ഞിരുന്ന ഒരു കാര്യം പെൻസ് വീണ്ടും വ്യക്തമാക്കി. നാറ്റോ പ്രതിരോധ ഫണ്ടിലേയ്ക്കുള്ള സാന്പത്തിക സംഭാവന താൻ അധികാരത്തിൽ വന്നാൽ തടയില്ലെന്നും അത് സാന്പത്തിക ആവശ്യകത അനുസരിച്ചു നൽകുമെന്നും പറഞ്ഞിരുന്നുവെന്നും പെൻസ് കൂട്ടിച്ചേർത്തു. പ്രതിരോധ ഫണ്ട് യുഎസിന്‍റെ കൂടി പ്രതിബദ്ധത ഉൾപ്പെടുന്നതാണെന്നും പെൻസ് തുറന്നടിച്ചു. 2016 ൽ നാറ്റോ എസ്റ്റിമേറ്റ്സിൽ യുഎസ്, യുകെ എന്നീ രാജ്യങ്ങൾ മാത്രമേ ഇതു പ്രാവർത്തികമാക്കിയുള്ളു. അതേസമയം ഗ്രീസ്, പോളണ്ട്, എസ്റ്റോണിയ തുടങ്ങിയ രാജ്യങ്ങൾ ഇതിനായി എന്തു ചെയ്തുവെന്നും പെൻസ് ചോദിച്ചു.

സമ്മേളനത്തിനു മുന്പായി ജർമൻ ചാൻസലർ ആംഗല മെർക്കലുമായി നടത്തിയ കൂടിക്കാഴ്ചയിൽ ജർമനിയുടെ വിഹിതമായ രണ്ടു ശതമാനം സാന്പത്തിക ലക്ഷ്യം നാറ്റോയുടെ സുഗമമായ പ്രവർത്തനത്തിനുള്ള മുതൽക്കൂട്ടാണെന്നും പെൻസ് പറഞ്ഞു.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ