യുഎസ് സ്റ്റേറ്റ് സെക്രട്ടറി ടില്ലേഴ്സണ്‍ ജർമനിയിൽ

08:30 PM Feb 17, 2017 | Deepika.com
ബെർലിൻ: യുഎസ് സ്റ്റേറ്റ് സെക്രട്ടറി റെക്സ് ഡബ്ല്യു ടില്ലേഴ്സണ്‍ ആദ്യ ജർമൻ സന്ദർശനത്തിനായി ബോണിലെത്തി. ജി 20 ഉച്ചകോടിയിൽ പങ്കെടുക്കാനാണ് അദ്ദേഹം ജർമനിയിലെത്തിയത്.

ബോണിൽ നടന്ന ജി 20 വിദേശകാര്യ മന്ത്രിമാരുടെ ഉച്ചകോടിയിൽ അദ്ദേഹം പങ്കെടുത്തു. ജർമൻ വിദേശകാര്യമന്ത്രി സീഗ്മാർ ഗബ്രിയേലുമായി അദ്ദേഹം ആശയവിനിമയം നടത്തി. വ്യാഴാഴ്ച ഉച്ചകഴിഞ്ഞു നടന്ന സെഷനിൽ കാലാവസ്ഥാ വ്യതിയാനം മുതൽ സിറിയൻ യുദ്ധം വരെയുള്ള നിരവധി പ്രശ്നങ്ങളെ കൂടാതെ നാറ്റോ വിഷയവുമാണ് ചർച്ച ചെയ്തത്.

യുഎസിന്‍റെ ഒൗദ്യോഗിക പ്രതിനിധി എന്ന നിലയിൽ ടില്ലേഴ്സന്‍റെ ആദ്യ യൂറോപ്യൻ സന്ദർശനമാണിത്. റഷ്യ, ചൈന, ബ്രസീൽ, ഇന്ത്യ, തുർക്കി തുടങ്ങിയ രാജ്യങ്ങളുടെ പ്രതിനിധികളും ഉച്ചകോടിക്കെത്തിയിരുന്നു. രണ്ടു ദിവസമായി നടന്ന ഉച്ചകോടി വെള്ളിയാഴ്ച സമാപിച്ചു.

തുടർന്നു മ്യൂണിക്കിൽ വെള്ളിയാഴ്ച ആരംഭിക്കുന്ന വേൾഡ് സെക്യൂരിറ്റി കോണ്‍ഫറൻസിലും ടില്ലേഴ്സണ്‍ പങ്കെടുക്കും.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ