പീജിയറ്റ് - ഓപ്പൽ ലയനം: ജർമനിക്കും ബ്രിട്ടനും ആശങ്ക

09:12 PM Feb 16, 2017 | Deepika.com
ബെർലിൻ: പീജിയറ്റ് നിർമാതാക്കളായ ഫ്രഞ്ച് കന്പനി പിഎസ്എ ഗ്രൂപ്പും ഓപ്പൽ നിർമാതാക്കളായ ബ്രിട്ടീഷ് കന്പനി വോക്സ്ഹാളും ലയിക്കാനുള്ള നീക്കത്തിൽ ജർമനിക്കും ബ്രിട്ടനും ആശങ്ക. വോക്സ്ഹാളിന്‍റെ പ്ലാന്‍റുകൾ ജർമനിയിലും പ്രവർത്തിക്കുന്നുണ്ട്. ജീവനക്കാരുടെ തൊഴിൽ സുരക്ഷ സംബന്ധിച്ച ആശങ്കയാണ് ഇരു രാജ്യങ്ങളും ഉയർത്തിയിരിക്കുന്നത്.

ലയനത്തിന്‍റെ കാര്യത്തിൽ അന്തിമ ധാരണ ഇനിയുമായിട്ടില്ലെങ്കിലും തൊഴിലാളി യൂണിയനുകൾക്കിടയിലും ആശങ്ക ശക്തമാണ്. ഓപ്പലിന്‍റെ ആയിരക്കണക്കിന് തൊഴിലാളികളാണ് ജർമനിയിൽ ജോലി ചെയ്യുന്നത്. ലയനത്തോടെ യുകെയിലെ പ്ലാന്‍റുകളിൽ ചിലത് അടച്ചുപൂട്ടുമെന്നാണ് യുകെയുടെ ആശങ്ക.

ലൂട്ടനിലെ എല്ലസ്മിയർ പോർട്ടിലുള്ള വോക്സ്ഹാൾ പ്ലാന്‍റുകളിൽ 4500 പേരാണ് ജോലി ചെയ്യുന്നത്. ഇവരുടെ തൊഴിൽ സുരക്ഷ സംബന്ധിച്ച് ബ്രിട്ടീഷ് ബിസിനസ് സെക്രട്ടറി ഗ്രെഗ് ക്ലാർക്ക് യൂണിയൻ നേതാക്കളുമായി ചർച്ച നടത്തിക്കഴിഞ്ഞു. കന്പനി അധികൃതർ ഉടൻ ചർച്ചയ്ക്കു തയാറാകണമെന്നാണ് യൂണിയൻ നേതാക്കൾ ആവശ്യപ്പെട്ടിരിക്കുന്നത്.

മന്ത്രിമാരുമായോ യൂണിയൻ നേതാക്കളുമായോ ആലോചിക്കാതെ ഇരു കന്പനികളും ലയന ചർച്ചകളുമായി മുന്നോട്ടു പോകുന്നത് അംഗീകരിക്കാൻ കഴിയില്ലെന്ന് ജർമൻ സാന്പത്തിക മന്ത്രി ബ്രിജിത്ത് സൈപ്രീസും വ്യക്തമാക്കി.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ