മെർക്കൽ മാറണമെന്ന് ഭൂരിപക്ഷം ജർമൻകാരും

08:51 PM Feb 15, 2017 | Deepika.com
ബെർലിൻ: ജർമൻകാരിൽ മൂന്നിൽരണ്ട് ആളുകളും ആഗ്രഹിക്കുന്നത് ചാൻസലർ സ്ഥാനത്തുനിന്ന് ആംഗല മെർക്കൽ മാറണമെന്ന്. ഏറ്റവും പുതിയ അഭിപ്രായ സർവേയിലാണ് ഈ വെളിപ്പെടുത്തൽ.

എസ്പിഡിയുടെ ചാൻസലർ സ്ഥാനാർഥിയായി യൂറോപ്യൻ യൂണിയന്‍റെ മുൻ പ്രസിഡന്‍റ് മാർട്ടിൻ ഷൂൾസ് രംഗത്തെത്തിയതോടെയാണ് മെർക്കലിന്‍റെ ജനപ്രീതി കുത്തനെ ഇടിയാൻ തുടങ്ങിയത്. കുടിയേറ്റ വിഷയത്തെക്കാൾ ഇപ്പോൾ മെർക്കലിനു ഭീഷണി ഉയർത്തുന്നത് ഷൂൾസിന്‍റെ വ്യക്തി പ്രഭാവം തന്നെ.

ചാൻസലറുടെ കസേരയിൽ പുതുമുഖത്തെ കാണാനാണ് ആഗ്രഹിക്കുന്നതെന്ന് സർവേയിൽ പങ്കെടുത്തവരിൽ 64 ശതമാനം പേരും വ്യക്തമാക്കുന്നു. മെർക്കൽ തന്നെയാണ് ഈ സ്ഥാനത്തേക്ക് പറ്റിയ ഒരേയൊരാൾ എന്നു ഉറച്ചു വിശ്വസിക്കുന്നത് വെറും എട്ടു ശതമാനം പേർ.

യൂഗവ് എണ് അഭിപ്രായ സർവേ നടത്തി റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്.

എസ്പിഡി നോമിനിയായ ഫ്രാങ്ക് വാൾട്ടർ സ്റ്റൈമയർ ജർമൻ പ്രസിഡന്‍റ് പദത്തിലെത്തിയതോടെ സോഷ്യലിസ്റ്റ് പാർട്ടിക്കും ജനകീയ മുന്നേറ്റം നടത്താനായി. അടുത്ത തെരഞ്ഞെടുപ്പിൽ മെർക്കലിനെ കടപുഴക്കാമെന്ന സോഷ്യലിസ്റ്റുകളുടെ പ്രതീക്ഷകൾ ഇപ്പോൾ വർധിച്ചിരിക്കുകയാണ്. മെർക്കലിനു പാർട്ടിക്കും ജനപ്രീതി കുറയുന്നതുവഴി സോഷ്യലിസ്റ്റുകളാണ് നേട്ടം കൊയ്യുന്നത്. മെർക്കലിനെ എതിർക്കുന്ന എഫ്ഡിയാവട്ടെ തകർച്ചയുടെ വക്കിലെന്നു മാത്രമല്ല പിളർപ്പിലേയ്ക്കും നീങ്ങുകയാണ്. അതേസമയം മെർക്കലും പാർട്ടിയും അധികാരം നിലനിർത്തണമെന്ന ഉത്തമ ബോധ്യത്തോടെ തെരഞ്ഞെടുപ്പ് പ്രവർത്തനത്തിലുമാണ്. പക്ഷെ ഇതെത്രമാത്രം മെർക്കലിനെ തുണയ്ക്കുമെന്നത് കണ്ടറിയേണ്ടിയിരിക്കുന്നു.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ