പ്രവാസി പെൻഷൻ പദ്ധതി നിർത്തലാക്കരുത്: ഡബ്ല്യുഎംഎഫ്

05:06 PM Feb 15, 2017 | Deepika.com
വിയന്ന/കോഴിക്കോട്: അപേക്ഷകരില്ല എന്ന കാരണത്താൽ പ്രവാസി പെൻഷൻ പദ്ധതി നിർത്തലാക്കുന്നത്തിനെതിരെ വേൾഡ് മലയാളി ഫെഡറേഷൻ രംഗത്തുവന്നു. ക്ഷേമ പദ്ധതികളിലൊന്നിന്‍റെയും പരിരക്ഷ ലഭിക്കാത്ത സാധാരണക്കാരായ പ്രവാസികൾക്ക് ഗുണം ചെയ്യുന്ന പദ്ധതി യാതൊരു സമയപരിധിയും നിശ്ചയിക്കാതെ പെട്ടെന്ന് നിർത്തലാക്കുന്നതിനുള്ള തീരുമാനം പുനപരിശോധിക്കണമെന്ന് ഭാരവാഹികളായ പ്രിൻസ് പള്ളിക്കുന്നേൽ (ഗ്ലോബൽ കോഓർഡിനേറ്റർ, ഓസ്ട്രിയ), ഷൗക്കത്ത് പറന്പി (ഗ്ലോബൽ ജോയിന്‍റ് കോഓർഡിനേറ്റർ, ഇന്ത്യ) എന്നിവർ സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

2012 ജനുവരിയിലാണ് പ്രവാസികൾക്കായി മഹാത്മ ഗാന്ധി പ്രവാസി സുരക്ഷാ യോജന തുടങ്ങിയത്. എന്നാൽ പ്രവാസി പെൻഷൻ പദ്ധതിയുടെ പ്രചാരണത്തിന് മുൻ സർക്കാരോ നിലവിൽ കേന്ദ്രമോ കാര്യമായി ഒന്നും ചെയ്തില്ല. വേണ്ടത്ര ശ്രദ്ധ കൊടുക്കാതെ നാമമാത്രമായ അപേക്ഷകൾ മാത്രം സ്വീകരിച്ച്, കാര്യമായ പ്രചാരണ പ്രവർത്തനമൊന്നും സംഘടിപ്പിക്കാതെ പദ്ധതിയിൽ പ്രവാസികൾക്ക് താല്പര്യമില്ലെന്ന കാരണത്താൽ നിർത്തലാക്കുന്നത് ഏറെ ദുഃഖകരമാണെന്നു നേതാക്കൾ പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.