സ്വിസിൽ തൊഴിൽ തേടുന്ന യൂറോപ്യൻ യൂണിയൻ പൗ ന്മാരിൽ നിന്നും പിസിസി ആവശ്യപ്പെടും

08:34 PM Jan 23, 2017 | Deepika.com
സൂറിച്ച്: യൂറോപ്യൻ യൂണിയനിൽ നിന്നും സ്വിറ്റസർലൻഡിലേക്ക് കുടിയേറുന്നവരിൽ നിന്നും പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് (പിസിസി) ആവശ്യപ്പെടാൻ സ്വിസ് പാർലമെന്‍റിന്‍റെ രാഷ്ട്രീയകാര്യ കമ്മീഷൻ ശിപാർശ ചെയ്തു. ഇയു വിൽ നിന്നുള്ളവർക്ക് സ്വിസിൽ റസിഡന്‍റ് പെർമിറ്റ് അനുവദിക്കാൻ പിസിസി നിർബന്ധമാക്കണമെന്ന് ടെസിൻ പ്രവിശ്യയാണ് ശക്തമായി ആവശ്യപ്പെട്ടത്.

സ്വിസിൽ ജോലി തേടി ജർമനി, ഇറ്റലി എന്നീ രാജ്യങ്ങളിൽ നിന്നാണ് ഏറ്റവുമധികം ആളുകൾ എത്തുന്നത്. ഇതിൽ ഇറ്റലിയുടെ അതിർത്തി പ്രവിശ്യയായ ടെസിൻ, കന്േ‍റാണിന്‍റെ അധികാരം ഉപയോഗിച്ച് പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് മിക്ക അപേക്ഷകളിലും ആവശ്യപ്പെടാറുണ്ട്. ഭൂരിപക്ഷം അപേക്ഷകളിലും ഇറ്റലിയിൽ ഏതെങ്കിലും തരത്തിലുള്ള ശിക്ഷാനടപടിക്ക് വിധേയരായവരാണ് അപേക്ഷകർ എന്ന് കണ്ടെത്തിയതോടെയാണ്, പിസിസി ദേശീയ തലത്തിൽ തന്നെ നിർബന്ധമാക്കാൻ ടെസിൻ പ്രവിശ്യ സ്വിസ് പാർലമെന്‍റിനെ സമീപിച്ചത്.

എന്നാൽ സ്വിസ് പാർലമെന്‍റിന്‍റെ നിലപാടിനോട് യൂറോപ്യൻ യൂണിയൻ എങ്ങനെ പ്രതികരിക്കുമെന്ന് ആശങ്ക ഉയരുന്നുണ്ട്. ഉഭയകക്ഷി കരാർ പ്രകാരം ഇയു വിനും സ്വിറ്റ്സർലൻഡിനും പരസ്പരം തൊഴിൽ അപേക്ഷകളിൽ റസിഡന്‍റ് പെർമിറ്റിന് പിസിസി ആവശ്യപ്പെടാൻ അനുവാദമില്ല.
റിപ്പോർട്ട്: ടിജി മറ്റം